ഡല്‍ഹിയില്‍ കനത്ത തണുപ്പ്; വായുമലിനീകരണം 'മോശം' നിലയില്‍

Update: 2026-02-02 08:47 GMT

ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് കനത്ത തണുപ്പ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ ഫെബ്രുവരിയില്‍ താപനിലയില്‍ ഗണ്യമായ കുറവുണ്ടായതായി ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഇന്നലെ ഡല്‍ഹിയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന താപനില 24.6 ഡിഗ്രി സെല്‍ഷ്യസായിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ ദിവസം 26.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു ഉയര്‍ന്ന താപനില. നഗരത്തിലെ കുറഞ്ഞ താപനില 12.1 ഡിഗ്രി സെല്‍ഷ്യസായി രേഖപ്പെടുത്തി. കുറഞ്ഞ താപനില സാധാരണയെക്കാള്‍ 3.7 ഡിഗ്രി കൂടുതലാണെങ്കിലും വടക്കേ ഇന്ത്യയില്‍ തുടരുന്ന ശീതക്കാറ്റും മൂടല്‍മഞ്ഞും ജനജീവിതത്തെ ബാധിക്കുകയാണ്. സഫ്ദര്‍ജംഗ് ഒബ്‌സര്‍വേറ്ററിയിലാണ് നഗരത്തിലെ ഏറ്റവും ഉയര്‍ന്ന താപനില (24.6ത്ഥഇ) രേഖപ്പെടുത്തിയത്. പാലം (22.6ത്ഥഇ), അയനഗര്‍ (23.6ത്ഥഇ) തുടങ്ങിയ പ്രദേശങ്ങളിലും താപനിലയില്‍ വ്യത്യാസങ്ങള്‍ അനുഭവപ്പെട്ടു.

അതേസമയം, ഡല്‍ഹിയിലെ വായു മലിനീകരണ നില ആശങ്കാജനകമായി തുടരുന്നു. ശരാശരി വായുനിലവാര സൂചിക (എക്യുഐ) 265 ആയി ഉയര്‍ന്ന് 'മോശം' വിഭാഗത്തിലെത്തി. ചില പ്രദേശങ്ങളില്‍ ഇത് 315 കടന്ന് 'വളരെ മോശം' നിലയിലേക്കും നീങ്ങിയിരിക്കുകയാണ്. വരും ദിവസങ്ങളിലും ഡല്‍ഹിയില്‍ ഇടത്തരം മൂടല്‍മഞ്ഞിന് സാധ്യതയുണ്ടെന്നും താപനില 11 ഡിഗ്രി മുതല്‍ 21 ഡിഗ്രി സെല്‍ഷ്യസ് വരെ മാറാനിടയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

ഇതിനിടെ, കാശ്മീരിലും ഹിമാചല്‍ പ്രദേശിലും പുതിയ മഞ്ഞുവീഴ്ചയും മഴയും അനുഭവപ്പെട്ടു. ഗുല്‍മാര്‍ഗില്‍ താപനില മൈനസ് 7 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് തുടങ്ങിയ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും തണുപ്പ് തുടരുകയാണ്.

Tags: