കോഴിക്കോട് ജില്ലാ അതിര്‍ത്തികളില്‍ സ്‌ക്രീനിങിന് ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കും

ജില്ലാ മെഡിക്കല്‍ ഓഫിസറാണ് സ്‌ക്രീനിങിനുള്ള സംവിധാനത്തോടെ ആവശ്യമായ ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടത്.

Update: 2020-04-25 13:01 GMT

കോഴിക്കോട്: ഇതര സംസ്ഥാനങ്ങളില്‍ നിന്നും മറ്റ് ജില്ലകളില്‍നിന്നും കോഴിക്കോട് ജില്ലാ അതിര്‍ത്തികളില്‍ എത്തുന്ന യാത്രക്കാരെ കൊവിഡ് മുന്‍കരുതലിന്റെ ഭാഗമായി സ്‌ക്രീനിങ് നടത്തുന്നതിന് അതിര്‍ത്തി ചെക്ക്പോസ്റ്റുകളിലെ സ്‌ക്വാഡുകളോടെപ്പം ഒരു ആരോഗ്യപ്രവര്‍ത്തകനെ കൂടി നിയോഗിക്കാന്‍ ജില്ലാ കലക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടു.

ജില്ലാ മെഡിക്കല്‍ ഓഫിസറാണ് സ്‌ക്രീനിങിനുള്ള സംവിധാനത്തോടെ ആവശ്യമായ ഉദ്യോഗസ്ഥരെ നിയോഗിക്കേണ്ടത്. സ്‌ക്രീനിങില്‍ കൊവിഡ് ലക്ഷണങ്ങള്‍ കാണുന്നവരെ നേരിട്ട് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റേണ്ടതും അല്ലാത്തവര്‍ക്ക് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ നിര്‍ദ്ദേശം നല്‍കേണ്ടതുമാണ്. കോഴിക്കോട് ജില്ലയിലെ ഈ അതിര്‍ത്തി പ്രദേശങ്ങളിലെല്ലാം സ്‌ക്രീനിങ് ഉണ്ടാവും.

കോഴിക്കോട് താലൂക്ക്: രാമനാട്ടുകര ജങ്ഷന്‍ (നിസരി ജങ്ഷന്‍), രാമനാട്ടുകര ഫ്ളൈ ഓവറിനുതാഴെ (മലപ്പുറം പാലക്കാട്), കോട്ടക്കടവ്, കടലുണ്ടിക്കടവ്, ഊര്‍ക്കടവ്, മുക്കം- ഇരഞ്ഞിമാവ്, പഴംപറമ്പ് - പന്നിക്കോട് ജംഗ്ഷന്‍-എയര്‍പോര്‍ട്ട് റോഡ്, മുക്കത്തുംകടവ്, പുല്ലിക്കടവ്, തോട്ടുമുക്കം

താമരശ്ശേരി താലൂക്ക്: ലക്കിടി, വടകര താലൂക്ക്: അഴിയൂര്‍ ചെക്ക്പോസ്റ്റ്, മോന്തല്‍പാലം, പാറക്കടവ് ചെറ്റകണ്ടി പാലം,

പാറക്കടവ് മുണ്ടുതോട് പാലം, പാറക്കടവ് കോയലാട്ട് താഴെപാലം, പെരിങ്ങത്തൂര്‍ പാലം.

ജില്ലയിലെ അതിര്‍ത്തികളില്‍കൂടി ഇതരസംസ്ഥാനങ്ങളില്‍നിന്നും മറ്റുജില്ലകളില്‍നിന്നും ഒരു രേഖകയുമില്ലാതെ വരുന്നവരെ കെറോണകെയര്‍ സെന്ററുകളില്‍ പ്രവേശിപ്പിച്ച് നിരീക്ഷണത്തിലാക്കുകയാണ് നിലവില്‍ ചെയ്തുവരുന്നത്. എന്നാല്‍ ജില്ലയിലേക്ക് ആവശ്യമായ രേഖകള്‍ സഹിതം യാത്രചെയ്യുന്ന ആളുകള്‍, ഇതരസംസ്ഥാനത്തുനിന്നും അവശ്യവസ്തുക്കളുമായി വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍/സഹായികള്‍ എന്നിവരെ ജില്ലാ അതിര്‍ത്തിയിലെ ചെക്ക്പോസ്റ്റുകളില്‍ പരിശോധിക്കുന്നതിന് സംവിധാനമില്ലാത്ത പശ്ചാത്തലത്തിലാണ് സ്‌ക്രീനിങ് ഏര്‍പ്പെടുത്തുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള ചുമതല ട്രാന്‍സ്പോര്‍ട്ട് കമ്മിറ്റി നോഡല്‍ ഓഫിസറും ഡെപ്യൂട്ടി കലക്ടറുമായ(ആര്‍.ആര്‍) കെ ഹിമയ്ക്കാണ്. 

Tags: