കൊവിഡ് ഡ്യൂട്ടിയിലുള്ള ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിരീക്ഷണം ആവശ്യമില്ലെന്ന് ആരോഗ്യവകുപ്പ്

Update: 2020-10-04 05:33 GMT

തിരുവനന്തപുരം: കൊവിഡ് ഡ്യൂട്ടി ചെയ്യുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിരീക്ഷണം ആവശ്യമില്ലെന്ന് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം. നേരത്തെ ലഭിച്ചിരുന്ന നിര്‍ദ്ദിഷ്ട ഓഫ് ഇനി ലഭിക്കില്ലെന്നും മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു. കേന്ദ്ര മാര്‍ഗ്ഗരേഖ പിന്തുടര്‍ന്നാണ് തീരുമാനമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നിരീക്ഷണത്തില്‍ കഴിയുന്നതിന് ഇനി അവധി ലഭിക്കില്ല. ആരോഗ്യപ്രവര്‍ത്തകരുടെ അവധികള്‍ മറ്റ് സര്‍ക്കാര്‍ ജീവനക്കാരുടെ അവധികള്‍ക്ക് തുല്യമാക്കി. എന്നാല്‍ കൊവിഡ് ബാധിതരുമായി നേരിട്ട് സമ്പര്‍ക്കം വന്നാല്‍ നിരീക്ഷണത്തില്‍ വിടുന്നത് അടക്കമുള്ള കാര്യങ്ങള്‍ അതാത് ആശുപത്രികളിലെ മെഡിക്കല്‍ ബോര്‍ഡിന് തീരുമാനിക്കാം.

അശാസ്ത്രീയമായ മാര്‍ഗ നിര്‍ദേശമാണെന്നാണ് ഡോക്ടര്‍മാരുടെ വിമര്‍ശനം. കൂടുതല്‍ ജോലി ചെയ്യിപ്പിക്കാന്‍ ഉള്ള സര്‍ക്കാര്‍ നടപടിയാണ് ഇതെന്നും ആരോഗ്യ മന്ത്രിയെ നേരില്‍ കാണുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. മാറ്റം വരുത്തിയില്ലെങ്കില്‍ ശക്തമായ പ്രതിഷേധം അറിയിക്കുമെന്നും കെജിഎംഒഎ പ്രതികരിച്ചു. അതേസമയം, ഇന്നലെ സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രികളില്‍ കൊവിഡ് നോഡല്‍ ഓഫിസര്‍മാരായ ഡോക്ടര്‍മാര്‍ കൂട്ട രാജി പ്രഖ്യാപിച്ചിരുന്നു.

അധിക ചുമതല ചെയ്യേണ്ടതില്ലെന്ന് പൊതു തീരുമാനം എടുത്ത ശേഷമായിരുന്നു രാജി. സര്‍ക്കാരിനെതിരായ പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. കൊവിഡ് ചികിത്സയും പ്രതിരോധവും ആയി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇതോടെ താളംതെറ്റുന്ന അവസ്ഥയിലാണ്. ഇതിനിടെ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടിക്കെതിരെ പ്രതിഷേധിക്കുന്നതിനിടെ നിരോധനാജ്ഞ ലംഘിച്ച് കൂട്ടം കൂടിയതിന് ഡോക്ടര്‍മാര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുമുണ്ട്.

ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരം ശക്തമാക്കാന്‍ ഡോക്ടര്‍മാര്‍ തീരുമാനം എടുത്തത്. ഭരണാനുകൂല സംഘടനകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. കെജിഎംസിടിഎയ്ക്ക് പുറമെ കെജിഒഎയും കെജിഎന്‍എയും ഇന്നലെ പ്രതിഷേധ സമരത്തിനെത്തി.