ഉത്സവങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും ഇനി ആരോഗ്യവകുപ്പിന്റെ അനുമതി നേടണം

Update: 2021-01-06 01:49 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ ഉത്സവാഘോഷങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും പ്രത്യേക മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് ആരോഗ്യ വകുപ്പ്. പൊതുപരിപാടികള്‍ നടത്തുന്നതിനു മുന്‍പ് ആരോഗ്യ വകുപ്പിന്റെ മുന്‍കൂര്‍ അനുവാദം തേടണം.

പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഉത്സവപരിപാടികള്‍ പാടില്ല. 65 വയസ്സിന് മുകളിലുള്ളവര്‍, ഗുരുതരരോഗികള്‍, ഗര്‍ഭിണികള്‍, കുട്ടികള്‍ എന്നിവര്‍ ഉത്സവങ്ങളില്‍ പങ്കെടുക്കുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചു. എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. എല്ലാവരിലും കൊവിഡ്‌ലക്ഷണങ്ങള്‍ പരിശോധിക്കണം. സാമൂഹിക അകലമടക്കമുള്ള കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം. പങ്കെടുക്കുന്നവരുടെപേരും ഫോണ്‍ നമ്പരും സൂക്ഷിക്കണം. റാലികള്‍,ഘോഷയാത്രകള്‍, സാംസ്‌കാരിക പരിപാടികള്‍തുടങ്ങിയവയ്ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാണ്. ഉത്സവ പറമ്പുകളിലും ആരാധനലയങ്ങളിലും ആള്‍ക്കൂട്ടങ്ങള്‍ അനുവദിക്കാന്‍ പാടുളളതല്ല. പ്രവേശന കവാടത്തില്‍ തെര്‍മല്‍ സ്‌കാനിംഗ് നടത്തി രോഗലക്ഷണം ഇല്ലെന്ന് ഉറപ്പാക്കി മാത്രമേ ആളുകളെ അകത്തേക്ക് പ്രവേശിപ്പിക്കാന്‍ പാടുളളൂ. വിഗ്രഹത്തില്‍ തൊട്ടുളള ആരാധന അനുവദിക്കരുത്. ദിവസങ്ങളോളമുളള എക്സിബിഷനുകള്‍, മേളകള്‍ എന്നിവയില്‍ നിയന്ത്രിതമായ തോതില്‍ മാത്രമേ ആളുകള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ പാടുളളൂ എന്നും ആരോഗ്യവകുപ്പ് പുറത്തിയ മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കുന്നതിന്റെ ഭാഗമായാണ് ഉത്സവങ്ങള്‍ക്കും മറ്റും സര്‍ക്കാര്‍ അനുമതി നല്‍കിയത്. തിയറ്ററുകള്‍ ജനുവരി 5 മുതല്‍ തുറന്ന് പ്രവര്‍ത്തിക്കാനും അനുവാദം നല്‍കിയിട്ടുണ്ട്. രാവിലെ 9 മണി മുതല്‍ രാത്രി 9 മണി വരെയാണ് തിയറ്ററുകള്‍ക്ക് അനുവദിച്ചിരിക്കുന്ന പ്രവര്‍ത്തന സമയം.




Similar News