'ആരോഗ്യമന്ത്രിയുടേത് വെറും അഭിനയം, സ്പീക്കര്‍ക്ക് ഗൂഢാലോചനയില്‍ പങ്ക്'; വി ഡി സതീശന്‍

Update: 2026-02-26 06:16 GMT

കണ്ണൂര്‍: ആരോഗ്യമന്ത്രി വീണ ജോര്‍ജിനെ കെ എസ് യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന ആരോപണം തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ആരോഗ്യമന്ത്രി വീണ ജോര്‍ജ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍വെച്ച് ആക്രമിക്കപ്പെട്ടുവെന്നത് വെറും അഭിനയം മാത്രമാണെന്ന് വി ഡി സതീശന്‍. മന്ത്രിയുടെ സമീപത്തുപോലും എത്തിയിട്ടില്ലെന്നും റെയില്‍വേ പോലിസ് നടത്തിയ അന്വേഷണത്തില്‍ അക്രമം നടന്നതിന് യാതൊരു തെളിവുമില്ലെന്ന് വ്യക്തമായിട്ടുണ്ടെന്നും സതീശന്‍ പറഞ്ഞു. സംഭവത്തിന് ദൃക്‌സാക്ഷിയല്ലാത്ത സ്പീക്കര്‍ ഇത്തരമൊരു ഗൂഢാലോചനയില്‍ പങ്കാളിയാകാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെല്ലുവിളിച്ചു കൊണ്ട് പ്രവര്‍ത്തകര്‍ക്ക് നേരെ വന്നത് മന്ത്രിയാണ്. പോലിസും ആരോഗ്യമന്ത്രിയും തമ്മിലാണ് ഉന്തും തള്ളും ഉണ്ടായത്. കെഎസ്യു പ്രവര്‍ത്തകരുടെ അടുത്തേക്ക് പാഞ്ഞുപോയ മന്ത്രിയെ തടഞ്ഞത് പോലിസുകാരാണ്. വനിതാ പോലിസ് ഉള്‍പ്പടെയുള്ളവര്‍ വളരെ പണിപ്പെട്ടിട്ടാണ് വീണാ ജോര്‍ജിന്റെ രോക്ഷം അടക്കിയതെന്ന് വി ഡി സതീശന്‍ പറഞ്ഞു. മന്ത്രിയുടെ കൈയ്യിലുണ്ടെന്ന് പറയുന്ന പരിക്ക് രണ്ട് ദിവസം മുന്‍പുള്ള വിവിധ പരിപാടികളുടെ ചിത്രങ്ങളിലും കാണാമെന്നും സതീശന്‍ ചൂണ്ടിക്കാട്ടി.

സംഭവം കഴിഞ്ഞ് മാധ്യമപ്രവര്‍ത്തകരോട് കുശലം പറഞ്ഞതിന് ശേഷമാണ് മന്ത്രി മൂന്നാമത്തെ പ്ലാറ്റ് ഫോമിലേക്ക് പോയത്. അവിടെ എത്തി സ്പീക്കര്‍ എ എന്‍ ഷംസീറുമായി കൂടിയാലോചിച്ചാണ് പരിക്കേറ്റെന്ന് മന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുമായി ഫോണില്‍ സംസാരിക്കുമ്പോള്‍ പോലും കെ എസ് യുക്കാര്‍ ആക്രമിച്ചതായി മന്ത്രി പറയുന്നില്ല. ആരോഗ്യമന്ത്രി തട്ടിവിട്ട പച്ചക്കള്ളത്തിന്റെ പേരില്‍ വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുകയും കോണ്‍ഗ്രസിന്റെ ഓഫീസുകള്‍ ആക്രമിക്കുകയും പുതുയുഗ യാത്രയുടെ ഫ്ളക്സ് ബോര്‍ഡുകള്‍ വരെ നശിപ്പിക്കുകയാണ്. ആരോഗ്യമന്ത്രി ഇല്ലാത്ത കള്ളകഥയുണ്ടാക്കി പച്ചക്കള്ളം പ്രചരിപ്പിക്കുകയാണെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് അറിയാമെന്നും സതീശന്‍ വ്യക്തമാക്കി.

ആരോഗ്യ മന്ത്രിയുടെ കഴുത്തും കൈയ്യും കെ എസ് യുക്കാര്‍ ഞെരിച്ചെന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പച്ചക്കള്ളം പ്രചരിപ്പിച്ച് പ്രവര്‍ത്തകരെ പ്രകോപിപ്പിക്കുകയാണ് ചെയ്യുന്നത്. പാര്‍ട്ടി സെക്രട്ടറി നടത്തിയത് കലാപാഹ്വാനമാണെന്നും ഇതിനെതിരേ കേസെടുക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. കരിങ്കൊടി കാണിച്ച പ്രവര്‍ത്തകര്‍ക്കെതിരേ വധശ്രമത്തിന് കേസെടുത്ത് റിമാന്‍ഡ് ചെയ്തത് തെറ്റായ നടപടിയാണെന്നും സര്‍ക്കാരിനെതിരായ ജനവികാരം വഴിതിരിച്ചുവിടാനാണ് ഇത്തരം ശ്രമങ്ങള്‍ നടക്കുന്നതെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ സര്‍ക്കാരിന് എതിരായിട്ടുള്ള പ്രശ്‌നങ്ങള്‍ വഴിമാറ്റിവിടാനായി മനഃപൂര്‍വം നടത്തിയ ഗൂഢാലോചനയാണിത്. കാരണം പ്രതികൂട്ടില്‍ നില്‍ക്കുന്നത് ആരോഗ്യമന്ത്രിയാണ്. എന്നാല്‍ വീണാ ജോര്‍ജ് ഇതുകൊണ്ടൊന്നും രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും ജനങ്ങള്‍ക്ക് മുന്നില്‍ അവര്‍ പ്രതിക്കൂട്ടിലാണ് നില്‍ക്കുന്നത്. കള്ളക്കഥകള്‍ പ്രചരിപ്പിച്ച് രക്ഷപ്പെടാന്‍ നോക്കണ്ട. ആടിനെ പട്ടിയാക്കുന്ന പ്രചരണങ്ങള്‍ നടത്തി മനഃപൂര്‍വ്വം ആക്രമണം നടത്തുകയാണെന്നും വി ഡി സതീശന്‍ പറഞ്ഞു.

Tags: