തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ശസ്ത്രക്രിയ ഉപകരണം കാണാതായതായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലെ ശസ്ത്രക്രിയ ഉപകരണം കാണാതായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. ഉപസമിതി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയത് എന്നാണ് പറയുന്നത്. 20 ലക്ഷത്തോളം രൂപ വിലമതിക്കുന്ന ഒസിലോസ് സ്‌കോപ്പ് എന്ന ഉപകരണമാണ് യൂറോളജി ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നും കാണാതായത് എന്നാണ് റിപോര്‍ട്ടുകള്‍. വിദഗ്ധസമിതിയുടെ റിപോര്‍ട്ടിലാണ് ഇക്കാര്യം പരാമര്‍ശിച്ചിട്ടുള്ളത്.
ഡോ ഹാരിസിന് കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയതിനു പിന്നാലെയാണ് മന്ത്രിയുടെ വെളിപ്പെടുത്തല്‍. ഇപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ അന്വേഷണ റിപോര്‍ട്ടില്‍ ഉള്ളതാണെന്ന് മന്ത്രി പറഞ്ഞു. ചില ഉപകരണങ്ങള്‍ കേടാക്കിയിട്ടുണ്ടെന്നും റിപോര്‍ട്ടില്‍ പറയുന്നുണ്ട്. ഇതു പ്രകാരം ആരോഗ്യവകുപ്പ് ശക്തമായ നടപടികളുമായി മുന്നോട്ടു പോകുമെന്നാണ് മന്ത്രി പറഞ്ഞത്.
മെഡിക്കല്‍ കോളേജിലെ ഉപകരണക്ഷാമം സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പറഞ്ഞ വിവാദത്തില്‍ ഡിഎംഇ പുറപ്പെടുവിച്ച കാരണം കാണിക്കല്‍ നോട്ടിസിന് വിശദമായ മറുപടി നല്‍കുമെന്ന് യൂറോളജി വിഭാഗം മേധാവി ഡോക്ടര്‍ ഹാരിസ് ചിറക്കല്‍ പറഞ്ഞിരുന്നു. വിഷയം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത് ചട്ട.ലംഘനമാണെന്ന് കാര്യം അംഗീകരിക്കുന്നുവെന്നും, മനപ്പൂര്‍വ്വം ശസ്ത്രക്രിയ മുടക്കി എന്ന ആരോപണം നുണയാണെന്നും ഹാരിസ് മാധ്യമങ്ങളോട് പറഞ്ഞു. വിദഗ്ധസമിതി നല്‍കിയ റിപോര്‍ട്ട് എന്താണെന്ന് ഞാന്‍ കണ്ടിട്ടില്ല , എന്നെ ആരും റിപോര്‍ട്ട് കാണിച്ചിട്ടില്ല, വിവരാവകാശം ചോദിച്ചവര്‍ക്കും റിപോര്‍ട്ട് കൊടുത്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
