1145 ഭക്ഷ്യ വിതരണ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി; 10 സ്ഥാപനങ്ങള്‍ അടച്ചുപൂട്ടി
തൃശൂര്‍: ഹെല്‍ത്തി കേരള ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയം ഭരണ വകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവര്‍ സംയുക്തമായി ജില്ലയിലുടനീളം ഭക്ഷ്യ വിതരണ കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. ഇതിന്റെ ഭാഗമായി ഹോട്ടലുകള്‍, ബേക്കറികള്‍, കൂള്‍ബാറുകള്‍, കാന്റീനുകള്‍, കാറ്ററിംഗ് യൂണിറ്റുകള്‍, വിദ്യാലയങ്ങളിലെ പാചകപ്പുരകള്‍ എന്നിവിടങ്ങളിലായി 1145 ഓളം സ്ഥാപനങ്ങളില്‍ പരിശോധന നടത്തി. പരിശോധന നടത്തിയതില്‍ 10 എണ്ണം അടച്ചുപൂട്ടി. 68 സ്ഥാപനങ്ങള്‍ക്ക് കണ്ടെത്തിയ വീഴ്ചകള്‍ നിശ്ചിത സമയത്തിനുള്ളില്‍ പരിഹരിക്കണമെന്ന കര്‍ശനമായ ഉപാധികളോടെ നോട്ടീസ് നല്‍കി.ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ കെ.ടി. പ്രേമകുമാറിന്റെ നേതൃത്വത്തില്‍ ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മാരായ ഡോ. സതീഷ് കെ എന്‍., ഡോ. ടി കെ അനൂപ്, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍ ഡോ. കാവ്യ കരുണാകരന്‍ മറ്റ് പ്രോഗ്രാം ഓഫീസര്‍മാര്‍, സൂപ്രണ്ടുമാര്‍, മെഡിക്കല്‍ ഓഫീസര്‍മാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരാണ് വിവിധ പരിശോധനാ സംഘങ്ങളില്‍ ഉണ്ടായിരുന്നത്.