നാദാപുരത്ത് യുവാവ് ആക്രമിച്ച പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ മാറ്റമില്ല; ഇന്ന് തുടര്‍ശസ്ത്രക്രിയ നടന്നേക്കും
കോഴിക്കോട്: നാദാപുരത്ത് യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ച പെണ്‍കുട്ടിയുടെ ആരോഗ്യനില ശസ്ത്രക്രിയ പൂര്‍ത്തിയായി മണിക്കൂറുകള്‍ക്ക് ശേഷവും മാറ്റമില്ലാതെ തുടരുന്നു. ബിരുദ വിദ്യാര്‍ത്ഥിനിയായ നഹീമ സ്വകാര്യ ആശുപത്രിലെ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്റര്‍ ചികിത്സയില്‍ നിരീക്ഷണത്തിലാണ്. ആരോഗ്യ പുരോഗതി വിലയിരുത്തിയ ശേഷം ഇന്ന് തുടര്‍ശസ്ത്രക്രിയകള്‍ ഉണ്ടായേക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം നാദാപുരം പൊലിസ് ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതി റഫ്‌നാസിനെ റിമാന്റ് ചെയ്തു. മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തതിലെ വൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് ഇയാള്‍ പോലിസിന് മൊഴി നല്‍കിയിരുന്നു.
വ്യാഴാഴ്ച്ചയാണ് ബിരുദ വിദ്യാര്‍ഥിനിയായ നഹീമയെ ക്ലാസ് കഴിഞ്ഞ് മടങ്ങുന്ന വഴിയില്‍ യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ചത്. ആക്രമണത്തില്‍ നഹീമയുടെ തലയ്ക്കും കഴുത്തിനും സാരമായി പരിക്കേറ്റിരുന്നു. സ്‌കൂളില്‍ സഹപാഠികളായിരുന്നു ഇരുവരും. സ്‌കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം റഫ്‌നാസ് പഠനം ഉപേക്ഷിച്ച് ജോലിക്ക് പോയിരുന്നു.