'അനുഭവിച്ചത് വലിയ സമ്മര്‍ദ്ദം'; മധ്യപ്രദേശില്‍ ബിഎല്‍ഒ ജീവനൊടുക്കിയതില്‍ ആരോപണവുമായി കുടുംബം

Update: 2025-11-22 07:31 GMT

ജാബുവ: മധ്യപ്രദേശിലെ ജാബുവ ജില്ലയില്‍, ബൂത്ത് ലെവല്‍ ഓഫീസറായ (ബിഎല്‍ഒ) ഭുവന്‍ സിങ് ചൗഹാന്‍ മരിച്ചതില്‍ ആരോപണവുമായി കുടുംബം. വലിയ തരത്തിലുള്ള സമ്മര്‍ദ്ദമാണ് പിതാവ് അനുഭവിച്ചിരുന്നതെന്ന് മകളായ സംഗീത ചൗഹാന്‍ പറയുന്നു. ''ദിവസവും കുറഞ്ഞത് 100 വോട്ടര്‍മാരെങ്കിലും സര്‍വേ ചെയ്യാന്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നതിനാല്‍ അദ്ദേഹം പ്രശ്‌നങ്ങള്‍ നേരിടുകയായിരുന്നു. സസ്പെന്‍ഡ് ചെയ്യപ്പെട്ട ദിവസം അദ്ദേഹത്തിന് സമ്മര്‍ദ്ദം സഹിക്കാന്‍ കഴിഞ്ഞില്ല'' സംഗീത ചൗഹാന്‍ പറഞ്ഞു.

എസ്‌ഐആര്‍ ഡ്യൂട്ടിയില്‍ വീഴ്ച വരുത്തിയെന്നാരോപിച്ചാണ് ബിഎല്‍ഒയായ ഭുവന്‍ സിങ് ചൗഹാനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. ഇതിനുപിന്നാലെ അദ്ദേഹം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

വീടുതോറുമുള്ള സര്‍വേകള്‍ നടത്തുന്നതിലും പരിശീലന സെഷനുകളില്‍ പങ്കെടുക്കുന്നതിലും വോട്ടര്‍ ഫോമുകളുടെ ഡിജിറ്റലൈസേഷന്‍ നടത്തുന്നതിലും ചൗഹാന്‍ പരാജയപ്പെട്ടുവെന്നും സസ്പെന്‍ഷന്‍ ഉത്തരവില്‍ ആരോപിക്കുന്നു. ചൗഹാന്‍ നിരവധി തവണ ഹാജരാകാതിരിക്കുകയും തിരഞ്ഞെടുപ്പ് ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്തതിനെ തുടര്‍ന്ന് നായിബ് തഹസില്‍ദാറുടെ പരാതിയെ തുടര്‍ന്നാണ് സസ്പെന്‍ഷന്‍ എന്ന് ജാബുവ സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് ഭാസ്‌കര്‍ ഗച്ച്ലെ പറഞ്ഞു.

എസ്ഐആര്‍ ജോലിയില്‍ നിയോഗിക്കപ്പെട്ട അധ്യാപകര്‍ക്കും ബിഎല്‍ഒമാര്‍ക്കും മേല്‍ വലിയ തരത്തിലുള്ള സമ്മര്‍ദ്ദം ഉണ്ടാകുന്നുണ്ടെന്ന വാര്‍ത്തകള്‍ വരുന്ന സാഹചര്യത്തിലാണ് ചൗഹാന്റെ കേസും വരുന്നത്. ഈ മാസം ആദ്യം, ദാതിയയില്‍ ഒരു അധ്യാപിക ആത്മഹത്യ ചെയ്തിരുന്നു. എസ്ഐആറുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദമാണ് ഇതിന് കാരണമെന്ന് കുടുംബം ആരോപിച്ചു. സാഗര്‍ ജില്ലയില്‍ മാത്രം, സര്‍വേ പ്രക്രിയയിലെ കാലതാമസമോ മോശം പുരോഗതിയോ കാരണം കാണിച്ചതിന് ഒമ്പത് ബിഎല്‍ഒമാരെ അധികൃതര്‍ സസ്പെന്‍ഡ് ചെയ്യുകയും മൂന്ന് എസ്ഡിഎംമാര്‍ക്കും 15 തഹസില്‍ദാര്‍മാര്‍ക്കും കാരണം കാണിക്കല്‍ നോട്ടിസ് നല്‍കുകയും ചെയ്തു.

Tags: