'അയാളും സൂക്ഷിക്കണം'; കൊളംബിയന്‍ പ്രസിഡന്റിന് ട്രംപിന്റെ മുന്നറിയിപ്പ്

Update: 2026-01-04 10:28 GMT

ന്യൂയോര്‍ക്ക്: കൊളംബിയന്‍ പ്രസിഡന്റിന് ട്രംപിന്റെ മുന്നറിയിപ്പ്. വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ ബന്ദിയാക്കിയതിനു പിന്നാലെയാണ് കൊളംബിയന്‍ പ്രസിഡന്റിനേയും ലക്ഷ്യമിട്ട് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രസ്താവനയിറക്കിയത്.കൊക്കെയ്ന്‍ ഉണ്ടാക്കി അമേരിക്കയിലേക്ക് അയക്കുകയാണ്, അയാളും സൂക്ഷിക്കണമെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞത്.

നിക്കോളാസ് മഡൂറോയുമായി അടുത്ത ബന്ധമുള്ള നേതാവാണ് ഗുസ്താവോ. മഡൂറോയ്ക്കെതിരായ അമേരിക്കന്‍ സൈനിക നടപടിയെ അപലപിച്ച നേതാക്കളില്‍ ഒരാളാണ് ഗുസ്താവോ പെട്രോ. അമേരിക്കയുടെ നടപടിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലും ഓര്‍ഗനൈസേഷന്‍ ഓഫ് അമേരിക്കന്‍ സ്റ്റേറ്റ്സും അടിയന്തരമായി യോഗങ്ങള്‍ വിളിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

അതേസമയം, വെനസ്വേലന്‍ പ്രസിഡന്റ് തിങ്കളാഴ്ച കോടതിയില്‍ ഹാജരാകും എന്നാണ് റിപോര്‍ട്ടുകള്‍. മാന്‍ഹട്ടന്‍ ഫെഡറല്‍ കോടതിയിലാണ് ഹാജരാകുക. 'മയക്കുമരുന്ന്ഭീകര ഗൂഢാലോചന, കൊക്കെയ്ന്‍ ഇറക്കുമതി ഗൂഢാലോചന, മെഷീന്‍ ഗണ്ണുകളും വിനാശകരമായ ഉപകരണങ്ങളും കൈവശം വയ്ക്കല്‍, അമേരിക്കയ്ക്കെതിരെ യുദ്ധത്തിനുള്ള ഗൂഢാലോചന'' എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് അദ്ദേഹത്തെ അമേരിക്ക കസ്റ്റഡിയിലെടുത്തിരിക്കുന്നത്. നിലവില്‍ അമേരിക്കന്‍ മയക്കുമരുന്ന് വിരുദ്ധ ഏജന്‍സിയുടെ കസ്റ്റഡിയിലാണ് മഡുറോ.

Tags: