രേഖകളില്ലെന്ന കാരണത്താല്‍ അപേക്ഷ നിരസിച്ചു; ആര്‍ഡിഒ അപേക്ഷകന് 10,000 രൂപ നല്‍കണമെന്ന് ഹൈക്കോടതി
കൊച്ചി: രേഖകളിലില്ലെന്ന കാരണം പറഞ്ഞ് ഭൂമി തരംമാറ്റ അപേക്ഷ നിരസിച്ച മലപ്പുറം തിരൂര്‍ ആര്‍ഡിഒയ്‌ക്കെതിരേ നടപടി. സംഭവത്തില്‍ പൊന്നാനി തലേക്കര വീട്ടില്‍ ടി ജെ കിഷോറിന് ഒരു മാസത്തിനകം നഷ്ടപരിഹാര തുകയായ 10,000 നല്‍കണമെന്ന് ജസ്റ്റിസ് സി എസ് ഡയസ് ഉത്തരവിട്ടു.
കിഷോറിന്റെ അപേക്ഷ അവഗണിച്ച് നിയമനടപടികളിലേക്ക് വലിച്ചിഴച്ചത് അധികാരിയുടെ വീഴ്ചയാണെന്ന് കോടതി വിലയിരുത്തി. അപേക്ഷ സംബന്ധിച്ച് ആര്‍ഡിഒ നാലാഴ്ചയ്ക്കകം നിയമപരമായ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. കിഷോറിന്റെ ഉടമസ്ഥതയിലുള്ള 15 സെന്റ് നിലം പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് നികത്തിയാണ് വീടുണ്ടാക്കിയിരുന്നത്. അത് പുരയിടമായി തരംമാറ്റി നല്‍കാന്‍ അപേക്ഷ നല്‍കിയെങ്കിലും ആദ്യം ആര്‍ഡിഒ അത് നിഷേധിച്ചു. പിന്നീട് കലക്ടര്‍ക്ക് അപ്പീല്‍ നല്‍കിയെങ്കിലും കാലതാമസം വന്നതിനാല്‍ ഹെക്കോടതിയെ സമീപിക്കേണ്ടിവന്നു.
ഹൈക്കോടതി അപേക്ഷ തീര്‍പ്പാക്കാന്‍ കലക്ടര്‍ക്ക് നിര്‍ദേശിച്ചെങ്കിലും ആര്‍ഡിഒ വീണ്ടും നിരസിച്ചു. ഭാഗികമായി മേല്‍ പറഞ്ഞ നിലം കൃഷിസ്ഥലം ആണെന്നും ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് തീരുമാനം. തുടര്‍ന്ന് കിഷോറിന്റെ ഭാര്യ സുജയ ഹൈക്കോടതിയില്‍ പുതിയ ഹരജി നല്‍കി. ഭൂമി ഡാറ്റാ ബാങ്കില്‍പ്പെട്ടതല്ലെന്ന വില്ലേജ് ഓഫീസറുടെ രേഖയും തൊട്ടടുത്ത സ്ഥലത്തിന് തരംമാറ്റം അനുവദിച്ച രേഖയും സമര്‍പ്പിച്ചായിരുന്നു ഹരജി. ഇതിനെ അടിസ്ഥാനമാക്കി കോടതിയാണ് അപേക്ഷകര്‍ക്കനുകൂലമായി വിധി പ്രസ്താവിച്ചത്.
