വയനാട് തുരങ്കപാത നിര്‍മാണം തടയണമെന്ന ഹരജി ഹൈക്കോടതി തള്ളി

Update: 2025-12-16 07:28 GMT

കൊച്ചി: സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ വയനാട് തുരങ്കപാതയുടെ നിര്‍മാണം തടയണമെന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി തള്ളി. കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ പാരിസ്ഥിതിക അനുമതി റദ്ദാക്കണമെന്ന ആവശ്യത്തോടെയാണ് വയനാട് പ്രകൃതി സംരക്ഷണ സമിതി കോടതിയെ സമീപിച്ചത്. വിശദമായ പഠനങ്ങളും നിയമപരമായ നടപടികളും പൂര്‍ത്തിയാക്കിയ ശേഷമാണ് പദ്ധതിക്ക് അനുമതി നല്‍കിയതെന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ നിലപാട് കോടതി അംഗീകരിച്ചു. ഇതോടെ തുരങ്കപാതയുടെ നിര്‍മാണവുമായി സംസ്ഥാന സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് കോടതി വ്യക്തമാക്കി.

പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ മലബാര്‍ മേഖലയിലെ ഗതാഗതവും വികസനവും വലിയ മുന്നേറ്റം കൈവരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. കോഴിക്കോട് ആനക്കാംപൊയിലില്‍ നിന്ന് വയനാട്ടിലെ മേപ്പാടിയിലേക്ക് 22 കിലോമീറ്റര്‍ മാത്രം ദൂരത്തില്‍ എത്താനാകും. പദ്ധതിയുടെ പ്രതീക്ഷിത ചെലവ് 2,043 കോടി രൂപയാണ്. 8.11 കിലോമീറ്റര്‍ നീളമുള്ള ആധുനിക സംവിധാനങ്ങളോടുകൂടിയ ഇരട്ട തുരങ്കപാതയാണ് നിര്‍മിക്കുന്നത്. ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന തുരങ്കത്തിനുള്ളില്‍ തീപിടിത്തം ഉണ്ടായാല്‍ ഉടന്‍ അണയ്ക്കാനുള്ള അഗ്നിശമനാ സംവിധാനങ്ങളും സജ്ജമാക്കും. പാതയിലെ ഓരോ ചലനവും നിരീക്ഷിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും നൂറിലധികം സിസിടിവി ക്യാമറകളും സ്ഥാപിക്കും. ടണല്‍ റേഡിയോ സിസ്റ്റവും ടെലിഫോണ്‍ സംവിധാനവും കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ചിരിക്കും.

വെന്റിലേഷന്‍ സംവിധാനം, ശബ്ദ സംവിധാനം, എസ്‌കേപ്പ് റൂട്ട് ലൈറ്റിങ്, ട്രാഫിക് ലൈറ്റുകള്‍, എമര്‍ജന്‍സി കോള്‍ സിസ്റ്റം തുടങ്ങിയ സൗകര്യങ്ങളും തുരങ്കപാതയില്‍ ഉള്‍പ്പെടും. അമിത ഉയരമുള്ള വാഹനങ്ങള്‍ കണ്ടെത്തുന്നതിനുള്ള ഓട്ടോമാറ്റിക് സിഗ്നല്‍ സംവിധാനവും ഒരുക്കും. ഓരോ 300 മീറ്ററിലും ക്രോസ് പാസേജുകള്‍ നിര്‍മിക്കും. ഇരുവഴിഞ്ഞിപ്പുഴയിലെ പാലങ്ങളും കലുങ്കുകളും, അടിപ്പാതയും സര്‍വീസ് റോഡുകളും പദ്ധതിയുടെ ഭാഗമാണ്. തുരങ്കപാത പൂര്‍ത്തിയാകുന്നതോടെ ചുരം വഴിയുള്ള യാത്രാദുരിതത്തിന് ആശ്വാസമാകും. കേരളത്തില്‍ നിന്നു കര്‍ണാടകയിലേക്കും തമിഴ്‌നാട്ടിലേക്കും ഉള്ള യാത്ര കൂടുതല്‍ സുരക്ഷിതവും സുഗമവുമായിത്തീരുമെന്നും അധികൃതര്‍ വ്യക്തമാക്കി.

Tags: