'ഹാല്‍' സിനിമയിലെ രംഗങ്ങള്‍ നീക്കണമെന്ന ആവശ്യം; കത്തോലിക്ക കോണ്‍ഗ്രസിന്റെ അപ്പീലില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി
കൊച്ചി: ഹാല്‍ സിനിമയിലെ ചില രംഗങ്ങള്‍ നീക്കേണ്ടതില്ലെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരേ കത്തോലിക്ക കോണ്‍ഗ്രസ് നല്‍കിയ അപ്പീലില്‍ ചോദ്യങ്ങളുമായി ഹൈക്കോടതി. സിനിമയുടെ ഏത് ഭാഗമാണ് സംഘടനയുടെ അന്തസിനും വിശ്വാസങ്ങള്‍ക്കും തിരിച്ചടിയായിട്ടുള്ളത് എന്നത് വ്യക്തമാക്കണമെന്നായിരുന്നു കോടതിയുടെ ചോദ്യം. സിനിമയുടെ പ്രദര്‍ശനാനുമതി സംബന്ധിച്ച വിഷയത്തില്‍ ചിത്രത്തിലെ രംഗങ്ങള്‍ നീക്കാനും പുതുതായി ചേര്‍ക്കാനും കോടതിക്ക് നിര്‍ദേശിക്കാനാവില്ലെന്നും വ്യക്തമാക്കി.
പ്രദര്‍ശനാനുമതി നിഷേധിച്ചതിനെതിരേ ചിത്രസംഘം നല്‍കിയ ഹരജിയില്‍ സിനിമയ്ക്ക് നല്‍കിയ എ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കി കോടതി നിരീക്ഷണം നടത്തിയിരുന്നു. സെന്‍സര്‍ ബോര്‍ഡ് സ്വന്തം നിര്‍ണയ പ്രകാരം സര്‍ട്ടിഫിക്കേഷന്‍ നല്‍കുമെങ്കിലും അതിനെ ഇഷ്ടാനുസരണം വിനിയോഗിക്കാനാവില്ലെന്ന് ജസ്റ്റിസ് വി ജി അരുണ്‍ വ്യക്തമാക്കിയിരുന്നു. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശാനുസരണം ചില രംഗങ്ങള്‍ നീക്കിയ ശേഷം വീണ്ടും അപേക്ഷ സമര്‍പ്പിക്കണമെന്നും നിര്‍മാതാക്കളോട് കോടതി നിര്‍ദേശിച്ചിരുന്നു. ഹാല്‍ സിനിമ ഭരണഘടനാപരമായ മൂല്യങ്ങളോടൊപ്പം മതേതരത്വത്തിന്റെ സന്ദേശം മുന്നോട്ടുവയ്ക്കുന്ന ഒന്നാണെന്ന് കോടതി ഉത്തരവില്‍ വ്യക്തമാക്കി.
ലൗ ജിഹാദ് എന്നതുള്‍പ്പെടെയുള്ള കത്തോലിക്കാ കോണ്‍ഗ്രസിന്റെയും ആര്‍എസ്എസിന്റെയും വാദം കോടതി തള്ളുകയാണ്. ഒഴിവാക്കാന്‍ തടസമില്ലെന്ന് അഭിഭാഷകന്‍ അറിയിച്ചത് പ്രകാരം സെന്‍സര്‍ ബോര്‍ഡ് നിര്‍ദേശിച്ച ചില മാറ്റങ്ങള്‍ കോടതി ശരിവയ്ക്കുകയും ചെയ്തു. ബീഫ് ബിരിയാണി കഴിക്കുന്ന രംഗം, രാഖിയുടെ ദൃശ്യം, ധ്വജപ്രണാമം, സംഘം കാവലുണ്ട് തുടങ്ങിയ വാക്കുകളും ഒഴിവാക്കേണ്ടി വരും.