ഡിജിറ്റല്‍-സാങ്കേതിക സര്‍വകലാശാലകളിലെ വിസി നിയമനം; വൈസ് ചാന്‍സലറെ നിയമിക്കാന്‍ സുപ്രിംകോടതി
ന്യൂഡല്‍ഹി: സംസ്ഥാനത്തെ ഡിജിറ്റല്‍, സാങ്കേതിക സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി. സ്ഥിരം വിസിമാരെ നിയമിക്കുന്ന ഉത്തരവാദിത്വം സുപ്രിംകോടതിക്കാണെന്ന് വ്യക്തമാക്കിയാണ് ഉത്തരവ്. ജസ്റ്റിസ് സുധാംശു ധൂലിയ അധ്യക്ഷനായ സമിതിക്ക് ഒരു പേര് സീല്‍വച്ച കവറില്‍ സമര്‍പ്പിക്കണമെന്നാണ് കോടതിയുടെ നിര്‍ദ്ദേശം. വരാനിരിക്കുന്ന വ്യാഴാഴ്ചയ്ക്കകം ശുപാര്‍ശ കൈമാറണമെന്നും നിര്‍ദേശിച്ചു.
വൈസ് ചാന്‍സലര്‍ നിയമനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം മന്ത്രിമാരായ പി രാജീവ്, ആര്‍ ബിന്ദു എന്നിവര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. സംസ്ഥാന സര്‍ക്കാറിന്റെ നിലപാട് മന്ത്രിമാര്‍ ഗവര്‍ണറെ അറിയിച്ചെങ്കിലും ഇരുപക്ഷത്തിനും സമവായത്തിലേക്കെത്താന്‍ സാധിച്ചിരുന്നില്ല. സമവായം സാധ്യമാകാതെ വരികയാണെങ്കില്‍ നിയമനം സുപ്രിംകോടതി തന്നെ നടത്തുമെന്ന് ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, പി ബി വരാലെ എന്നിവരുടെ ബെഞ്ച് നേരത്തേ വ്യക്തമാക്കിയിരുന്നു.
ഗവര്‍ണറുമായുള്ള ചര്‍ച്ചയുടെ വിവരങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന സംസ്ഥാന സര്‍ക്കാറിന്റെ നിലപാടിന് പിന്നാലെയാണ് ഇന്ന് കേസ് പരിഗണിച്ച ബെഞ്ച് വി സി നിയമനം കോടതി നേരിട്ട് നടത്തുമെന്ന് വ്യക്തമാക്കിയത്.