ആര്‍എസ്എസ് ആസ്ഥാനത്തിന് സമീപത്തെ മൈതാനത്ത് സമ്മേളനം നടത്താന്‍ ഭീം ആര്‍മിക്ക് കോടതി അനുമതി

സമ്മേളനത്തിന് അനുമതി തേടി ഭീം ആര്‍മി സമര്‍പ്പിച്ച ഹരജിയില്‍ ബോംബെ ഹൈക്കോടതിയിലെ നാഗ്പൂര്‍ ബെഞ്ചാണ് ഉപാധികളോടെ അനുമതി നല്‍കിയത്.

Update: 2020-02-21 10:14 GMT

ന്യൂഡല്‍ഹി:ആര്‍എസ്എസ് ആസ്ഥാനത്തിന് സമീപത്തെ രേഷിംബാഗ് മൈതാനത്ത് നാളെ (ശനിയാഴ്ച) സമ്മേളനം നടത്താന്‍ ഭീം ആര്‍മി പ്രവര്‍ത്തകര്‍ക്ക് അനുമതി നല്‍കി ഹൈക്കോടതി.സമ്മേളനത്തിന് അനുമതി തേടി ഭീം ആര്‍മി സമര്‍പ്പിച്ച ഹരജിയില്‍ ബോംബെ ഹൈക്കോടതിയിലെ നാഗ്പൂര്‍ ബെഞ്ചാണ് ഉപാധികളോടെ അനുമതി നല്‍കിയത്. ഭീം ആര്‍മി മേധാവി ചന്ദ്രശേഖര്‍ ആസാദ് യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ഭീം ആര്‍മി പ്രവര്‍ത്തകന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൊവ്വാഴ്ച മഹാരാഷ്ട്ര സര്‍ക്കാരിനും നാഗ്പൂര്‍ പോലിസ് കമ്മീഷണര്‍ക്കും ഹൈക്കോടതി നോട്ടിസ് നല്‍കിയിരുന്നു.രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ (ആര്‍എസ്എസ്) ആസ്ഥാനത്തിന് സമീപമാണ് വിശാലമായ മൈതാനം. ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോട്‌വാലി പോലിസ് സമ്മേളനത്തിന് അനുമതി നിഷേധിച്ചിരുന്നു. ഇതേതുടര്‍ന്ന് ഭീം ആദ്മി കോടതിയെ സമീപിച്ചത്. ഹരജി പരിഗണിച്ച ജസ്റ്റിസുമാരായ സുനില്‍ ശുക്രെ, മാധവ് ജംദാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് ഉപാധികളോടെ അനുമതി നല്‍കുകയായിരുന്നു.

യോഗം നടത്താന്‍ നാഗ്പൂര്‍ ഇംപ്രൂവ്‌മെന്റ് ട്രസ്റ്റഡ് ഉടമസ്ഥതയിലുള്ള മൈതാനത്തെ നിയന്ത്രിക്കുന്ന സിപിയുടെയും ബെരാര്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെയും അനുമതി ലഭിച്ചതായി ഭീം ആര്‍മി നാഗ്പൂര്‍ ജില്ലാ മേധാവി പ്രഫുല്‍ ഷെന്‍ഡെ തന്റെ അഭിഭാഷകന്‍ ഫിര്‍ദൗസ് മിര്‍സ വഴി സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍, ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കോട്‌വാലി പൊലീസ് യോഗത്തിന് അനുമതി നിഷേധിക്കുകയായിരുന്നു. ഭീം ആര്‍മി പ്രവര്‍ത്തകരുടെ യോഗം നടത്താന്‍ അനുമതി നല്‍കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനും പൊലീസ് കമ്മീഷണര്‍ക്കും നിര്‍ദേശം നല്‍കി.അത്

ഒരു പ്രവര്‍ത്തക യോഗം മാത്രമായിരിക്കണം. പ്രകടനമോ പ്രതിഷേധമോ ആക്കി മാറ്റരുത്. പ്രകോപനപരമായ പ്രസംഗങ്ങള്‍ പാടില്ല, സമാധാനപരമായിരിക്കണം-തുടങ്ങിയവയാണ് ഉപാധികള്‍.മേല്‍പ്പറഞ്ഞ വ്യവസ്ഥകള്‍ ചന്ദ്രശേഖര്‍ ആസാദിന്റെ ഉത്തരവാദിത്തത്തിലായിരിക്കുമെന്നും കോടതി ഉത്തരവില്‍ പറഞ്ഞു.വ്യവസ്ഥകളുടെ ഏതെങ്കിലും തരത്തിലുള്ള ലംഘനം കോടതിയലക്ഷ്യമായി കണക്കാക്കുമെന്നും ക്രിമിനല്‍ നടപടികള്‍ കൈക്കൊള്ളുമെന്നും ബെഞ്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags:    

Similar News