ഹവാല ഇടപാട്: സൗദിയില്‍ പ്രതികള്‍ക്ക് തടവും പിഴയും

സൗദി പൗരന്മാര്‍ വ്യാജ വ്യാപാര സ്ഥാപനങ്ങള്‍ ആരംഭിച്ച് ഈ സ്ഥാപനങ്ങളുടെ പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറന്ന് സാമ്പത്തിക ഇടപാടുകള്‍ക്ക് ഈ അക്കൗണ്ടുകളുടെ കൈകാര്യ ചുമതല വിദേശികളെ ഏല്‍പിക്കുകയായിരുന്നു.

Update: 2021-02-09 09:19 GMT

റിയാദ് : അനധികൃത മാര്‍ഗങ്ങളിലൂടെ അറുപതു കോടിയോളം റിയാല്‍ വിദേശങ്ങളിലേക്ക് അയച്ച കേസിലെ പ്രതികള്‍ക്ക് തടവും പിഴയും വിധിച്ചു. സൗദി വനിതയും സഹോദരനും മറ്റു രണ്ടു സൗദി പൗരന്മാരും എട്ടു വിദേശികളും അടങ്ങിയ സംഘം 12 ഹവാല സംഘത്തെ ശിക്ഷിച്ചതായി സൗദി പ്രോസിക്യൂഷന്‍ അറിയിച്ചു.


പ്രതികള്‍ക്ക് എല്ലാവര്‍ക്കും കൂടി ആകെ 60 വര്‍ഷത്തിലേറെ തടവു ശിക്ഷയാണ് കോടതി വിധിച്ചത്. എല്ലാവര്‍ക്കും കൂടി ആകെ 80 ലക്ഷം റിയാല്‍ പിഴ ചുമത്തിയിട്ടുമുണ്ട്. ഹവാല ഇടപാടുകള്‍ക്ക് പ്രതികള്‍ ഉപയോഗിച്ച അക്കൗണ്ടുകളില്‍ കണ്ടെത്തിയ പണവും പ്രതികളുടെ വീടുകളില്‍ കണ്ടെത്തിയ 24 ലക്ഷത്തിലേറെ റിയാലും കണ്ടുകെട്ടാനും വിധിയുണ്ട്.


ഈ സംഘം 59.3 കോടി റിയാല്‍ നിയമ വിരുദ്ധ മാര്‍ഗങ്ങളിലൂടെ വിദേശങ്ങളിലേക്ക് അയച്ചതായി തെളിഞ്ഞിരുന്നു. സൗദി പൗരന്മാര്‍ വ്യാജ വ്യാപാര സ്ഥാപനങ്ങള്‍ ആരംഭിച്ച് ഈ സ്ഥാപനങ്ങളുടെ പേരില്‍ ബാങ്ക് അക്കൗണ്ടുകള്‍ തുറന്ന് സാമ്പത്തിക ഇടപാടുകള്‍ക്ക് ഈ അക്കൗണ്ടുകളുടെ കൈകാര്യ ചുമതല വിദേശികളെ ഏല്‍പിക്കുകയായിരുന്നു. പണം ശേഖരിക്കുന്ന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദേശികള്‍ പണം ഡെപ്പോസിറ്റ് ചെയ്യാനും വിദേശങ്ങളിലേക്ക് അയക്കാനും ഈ അക്കൗണ്ടുകള്‍ ഉപയോഗിച്ചതായും കോടതിക്ക് ബോധ്യമായി. ഇതിലൂടെ പൂര്‍ണാര്‍ഥത്തിലുള്ള പണം വെളുപ്പിക്കല്‍ ഇടപാടുകളാണ് സംഘം നടത്തിയത്.


കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണുകളും ലാപ്‌ടോപ്പുകളും കംപ്യൂട്ടറുകളും പ്രതികളില്‍ ഒരാളുടെ വീട്ടില്‍ കണ്ടെത്തിയ തോക്കും കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു. സംഘം വിദേശങ്ങളിലേക്ക് അയച്ച പണം വീണ്ടെടുക്കാന്‍ നിയമാനുസൃത നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും പബ്ലിക് പ്രോസിക്യൂഷന്‍ വൃത്തങ്ങള്‍ പറഞ്ഞു.




Tags:    

Similar News