ഹാഥ്‌റസ്: ബലാല്‍സംഗം നടന്നിട്ടില്ലെന്ന് പ്രചരിപ്പിക്കാന്‍ പരസ്യ ഏജന്‍സിയെ നിയോഗിച്ച് യോഗി സര്‍ക്കാര്‍

Update: 2020-10-08 14:29 GMT

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ സംസ്ഥാനങ്ങള്‍ക്കും പബ്ലിക് റിലേഷന്‍സ് വകുപ്പുകളുണ്ടെങ്കിലും ഒരു കേസില്‍ തെറ്റായ വിവരം പ്രചരിപ്പിക്കാന്‍ പണം കൊടുത്ത് പരസ്യ ഏജന്‍സിയെ വയ്ക്കുന്ന പതിവില്ല. അത്തരമൊരു പതിവ് ആരംഭിച്ചിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ യോഗി ആദിത്യനാഥ് സര്‍ക്കാര്‍. ഹാഥ്‌റസില്‍ 19കാരിയായ ദലിത് യുവതിയെ സവര്‍ണയുവാക്കള്‍ ബലാല്‍സംഗം ചെയ്തു കൊന്ന കേസില്‍ ബലാല്‍സംഗം നടന്നിട്ടില്ലെന്ന് പ്രചരിപ്പിക്കുകയാണ് ഏജന്‍സിയുടെ ദൗത്യം. ഏജന്‍സിയുടെ ആദ്യ വാര്‍ത്തയും ബുധനാഴ്ച വൈകീട്ട് വിദേശ മാധ്യമങ്ങളുടെ ലേഖകര്‍ക്ക് ലഭിച്ചു. മുംബൈയിലെ കണ്‍സപ്റ്റ് പിആര്‍ എന്ന സ്ഥാപനമാണ് യോഗി സര്‍ക്കാരിനു വേണ്ടി തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത്. 


'ഹാഥ്‌റസ് പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ടിട്ടില്ല; തെളിവായി ഫോറന്‍സിക്, മെഡിക്കല്‍, പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്' പരസ്യ ഏജന്‍സിയില്‍ നിന്ന് ആദ്യമായി ലഭിച്ച വാര്‍ത്തയില്‍ പറയുന്നതിങ്ങനെ. സംസ്ഥാനത്തെ ജാതികലാപത്തിലേക്ക് തള്ളിവിടുന്നതിനുളള ആസൂത്രണവും ഗൂഢാലോചനയും നടക്കുന്നതായും എസ്‌ഐടി എല്ലാ സത്യവും പുറത്തുകൊണ്ടുവന്നതായും വാര്‍ത്ത അവകാശപ്പെടുന്നു.

പെട്ടെന്ന് പെണ്‍കുട്ടിയുടെ മൃതശരീരം കത്തിച്ചുകളയാനുണ്ടായ സാഹചര്യവും വര്‍ത്തയില്‍ വിശദമാക്കുന്നുണ്ട്. ''അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കാനായിരുന്നു പോലിസിന്റെ നടപടി. കേസില്‍ തുടര്‍ അന്വേഷണം നടക്കുന്നു''.

'എല്ലാ ഊഹാപോഹങ്ങള്‍ക്കും വിരാമമിട്ടുകൊണ്ട് ഹാഥ്‌റസിലെ 19 കാരിയുടെ യോനിസ്രവങ്ങളുടെ സാംപിള്‍ റിപോര്‍ട്ട് ഫോറന്‍സിക് സയന്‍സ് ലബോറട്ടറി (എഫ്എസ്എല്‍) പുറത്തുവിട്ടിരിക്കുന്നു. റിപോര്‍ട്ട് അനുസരിച്ച് പെണ്‍കുട്ടി ബലാല്‍സംഗത്തിന് ഇരയായിട്ടില്ല. ബലാല്‍സംഗം നടന്നിട്ടില്ലെന്ന പോസ്റ്റ്മോര്‍ട്ടം, മെഡിക്കല്‍ റിപോര്‍ട്ടുകളുടെ നിലപാടിനെ ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ള ഫോറന്‍സിക് റിപോര്‍ട്ട്'- യുപി പോലിസ് അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ പ്രശാന്ത് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞ അതേ കാര്യങ്ങളാണ് വാര്‍ത്തയിലും ആവര്‍ത്തിക്കുന്നത്.

അതേസമയം, പെണ്‍കുട്ടി ബലാല്‍സംഗം ചെയ്യപ്പെട്ടിട്ടില്ലെന്ന നിലപാടിനെ മെഡിക്കല്‍ നിയമവിദഗ്ധര്‍ ചോദ്യം ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് പീനല്‍കോഡിലെ ബലാല്‍സംഗം എന്നതിനെ കുറിച്ച് ഒന്നുമറിയില്ലെന്ന് അവര്‍ ആരോപിച്ചു.

വാര്‍ത്ത അനുസരിച്ച് ഇപ്പോള്‍ നടക്കുന്ന അന്വേഷണം ഹാഥ്‌റസ് ബലാല്‍സംഗത്തെ കുറിച്ചല്ല, മറിച്ച് സംസ്ഥാനത്തെ ജാതികലാപത്തിലേക്ക് നയിക്കുന്ന ഗൂഢാലോചനയെ കുറിച്ചാണ്. യോഗി ആദിത്യനാഥ് രൂപം നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിന് ഉത്തര്‍പ്രദേശിനെതിരേ നടക്കുന്ന ഗൂഢാലോചന പുറത്തുകൊണ്ടുവരാനാവുമെന്ന് വാര്‍ത്ത പ്രത്യാശ പ്രകടിപ്പിച്ചിട്ടുണ്ട്.

ഹാഥ്‌റസ് സംഭവത്തെ ബലാല്‍സംഗമായി ചിത്രീകരിക്കുന്നവരെയും കുടുംബത്തെ ഉദ്ധരിച്ച് വാര്‍ത്ത നല്‍കുന്ന ഇന്ത്യന്‍ മാധ്യമങ്ങളെയും വിദേശ വാര്‍ത്താ ഏജന്‍സികളെയും ഭീഷണിപ്പെടുത്തിക്കൊണ്ടാണ് കുറിപ്പ് അവസാനിപ്പി്ച്ചിരിക്കുന്നത്. വിദേശ ലേഖകരോട് ഈ സംഭവത്തെ കുറിച്ച് അധികം വാര്‍ത്തകള്‍ വേണ്ട എന്ന മുന്നറിയിപ്പും നല്‍കിയിരിക്കുന്നു.

പുതിയ ഇന്ത്യയില്‍ ഇത് സംഭവിക്കില്ല. 2012 ല്‍ കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന സമയത്ത് നിര്‍ഭയ സംഭവത്തിന് ലഭിച്ച ആഗോള വാര്‍ത്താ മൂല്യം ഇതിന് ലഭിക്കുന്നത് അസ്വീകാര്യമാണെന്നും വര്‍ത്താകുറിപ്പ് പറയുന്നു.

പ്രശസ്തമായ നിരവധി അന്താരാഷ്ട്ര മാധ്യമങ്ങളില്‍ ഹാഥ്‌റസ് ബലാല്‍സംഗം മുന്‍പേജ് വാര്‍ത്തയായ സാഹചര്യത്തിലാണ് ആദിത്യനാഥ് സര്‍ക്കാരിന്റെ പുതിയ നീക്കം. ന്യൂയോര്‍ക്ക് ടൈംസ്, ഗാര്‍ഡിയന്‍ പത്രങ്ങള്‍ ഹാഥ്‌റസ് കൂട്ടക്കൊല ഒന്നാം പേജ് വാര്‍ത്തയാക്കിയിരുന്നു.