ഹാത്രാസ് ബലാല്‍സംഗക്കൊലയില്‍ പ്രതിഷേധിച്ച ചന്ദ്രശേഖര്‍ ആസാദിന്റെ അറസ്റ്റ്: അപലപിച്ച് എസ്ഡിപിഐ അഖിലേന്ത്യാ പ്രസിഡന്റ് എം കെ ഫൈസി

Update: 2020-09-30 06:27 GMT

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ഹാത്രാസില്‍ ദലിത് പെണ്‍കുട്ടിയെ സവര്‍ണ യുവാക്കള്‍ കൂട്ട ബലാല്‍സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസില്‍ പ്രതിഷേധിച്ച ഭീം ആദ്മി നേതാവ് ചന്ദ്രശേഖര്‍ ആസാദിന്റെ അറസ്റ്റിനെതിരേ എസ്ഡിപിഐ അഖിലേന്ത്യാ പ്രസിഡന്റ് എം കെ ഫൈസി. ബലാല്‍സംഗികളായ ആളുകള്‍ സ്വതന്ത്രരായി നടക്കുമ്പോള്‍ അതിനെതിരേ പ്രതിഷേധിച്ചവര്‍ തടവറയിലാണ്. ആസാദിന്റെ അറസ്റ്റിനെതിരേ ജനാധിപത്യവാദികള്‍ രംഗത്തെത്തണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ദലിത് പെണ്‍കുട്ടിയെ സവര്‍ണ യുവാക്കള്‍ ബലാല്‍സംഗം ചെയ്തതിനെതിരേ പെണ്‍കുട്ടിയെ ചികില്‍സിക്കുന്ന ഡല്‍ഹി സഫ്ദര്‍ജംഗ് ആശുപത്രിയ്ക്കു മുന്നില്‍ ചന്ദ്രശേഖര്‍ ആസാദ് അടക്കമുള്ള ഭീം ആദ്മി പ്രവര്‍ത്തകര്‍ പ്രതിരോധം തീര്‍ത്തിരുന്നു. തിങ്കളാഴ്ച ആശുപത്രിയ്ക്കു മുന്നില്‍ തടിച്ചുകൂടിയ ഭീംആദ്മി പ്രവര്‍ത്തരും പോലിസും തമ്മില്‍ വലിയ വാക്കുതര്‍ക്കം നടന്നു. എല്ലാ ദലിതരും സവര്‍ണ ബലാല്‍സംഗികള്‍ക്കെതിരേ തെരുവിലിറങ്ങണമെന്നും കുറ്റവാളികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടണമെന്നും ഇതിനിടയില്‍ ആസാദ് ആഹ്വാനം ചെയ്തു. തുടര്‍ന്നാണ് അദ്ദേഹത്തെ പോലിസ് അറസ്റ്റ് ചെയ്തത്.

കൂട്ട ബലാല്‍സംഗത്തിനിരയായ പെണ്‍കുട്ടി അതിന് തൊട്ടടുത്ത ദിവസം ആശുപത്രിയില്‍ വച്ച് മരിച്ചു. മൃതദേഹം വിട്ടുനല്‍കണമെന്ന് കുടുംബം ആവശ്യപ്പെട്ടെങ്കിലും പോലിസ് അനുവദിച്ചില്ലെന്നു മാത്രമല്ല, കുടുംബത്തിന്റെ എതിര്‍പ്പ് വകവയ്ക്കാതെ പോലിസ് തന്നെ മൃതദേഹം ദഹിപ്പിച്ചു.

Similar News