'വീട്ടില്‍ കയറി കൊത്തിക്കീറും';കൊലവിളി മുദ്രാവാക്യവുമായി സിപിഎം മാര്‍ച്ച്

കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍, ഷുഹൈബ് എന്നിവരുടെ പേരെടുത്ത് പറഞ്ഞ് ഭീഷണി മുഴക്കിയായിരുന്നു പ്രകടനം

Update: 2022-06-15 07:45 GMT

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള പ്രതിപക്ഷ പ്രതിഷേധത്തിനെതിരായി സിപിഎം സംഘടിപ്പിച്ച മാര്‍ച്ചില്‍ കൊലവിളി മുദ്രാവാക്യവുമായി പ്രവര്‍ത്തകര്‍. കോഴിക്കോട് തിക്കോടിയിലാണ് സംഭവം.പ്രസ്ഥാനത്തിന് നേരെ തിരിഞ്ഞ യൂത്ത് കോണ്‍ഗ്രസ് നേതാക്കളുടെ സ്ഥിതി ഓര്‍മ്മയില്ലേയെന്ന് ചോദിച്ചാണ് മുദ്രാക്യം. കൊല്ലപ്പെട്ട കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍, ഷുഹൈബ് എന്നിവരുടെ പേരെടുത്ത് പറഞ്ഞ് ഭീഷണി മുഴക്കിയായിരുന്നു പ്രകടനം.

തിക്കോടി പഞ്ചായത്തില്‍ നിന്ന് പെരുമാള്‍പുരത്തേക്ക് പ്രതിഷേധ മാര്‍ച്ച് പുരോഗമിക്കുന്നതിനിടെയാണ് കൊലവിളി മുദ്രാവാക്യമുണ്ടായത്.വല്ലാണ്ടങ്ങ് കളിച്ചാല്‍ വീട്ടില്‍ കയറി കൊത്തിക്കീറും എന്നും പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി.സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്നും പോലിസ് പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധമുണ്ടായതിനു പിന്നാലെയാണ് സിപിഎം രംഗത്തെത്തിയത്. സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നുണ്ട്. കോണ്‍ഗ്രസ് ഓഫിസുകള്‍ക്കു നേരെ വ്യാപക അക്രമണം നടന്നു വരികയാണ്.

Tags: