പെരും നുണകളില്‍ വിഷം പുരട്ടി വിദ്വേഷ പ്രചാരണം, മിണ്ടാട്ടമില്ലാതെ മുസ്‌ലിം സംഘടനകള്‍; 80: 20 അനുപാതം കോച്ചിങ് സെന്ററുകളില്‍ മാത്രം

Update: 2021-01-17 07:00 GMT

പിസി അബ്ദുല്ല

കോഴിക്കോട്: സര്‍ക്കാര്‍ തസ്തികകളിലെ ഭീമമായ പ്രാതിനിധ്യക്കുറവ് കണ്ടെത്തിയ സച്ചാര്‍, പാലോളി കമ്മിറ്റികളുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ മുസ്‌ലിം യുവാക്കള്‍ക്കു മാത്രമായി ആവിഷ്‌കരിച്ച കോച്ചിങ് സെന്ററുകളുടെ പേരില്‍ നടക്കുന്നത് നെറികെട്ട പ്രചാരണങ്ങള്‍.

കോച്ചിങ് സെന്റര്‍ ഫോര്‍ മുസ്‌ലിം യൂത്ത് എന്നത് പിണറായി സര്‍ക്കാര്‍ കോച്ചിങ് സെന്റര്‍ ഫോര്‍ മൈനോറിറ്റി എന്നാക്കി മാറ്റിയതാണ് സീറോ മലബാര്‍ സഭക്കും ആര്‍എസ്എസിനും മുസ്‌ലിം വിരുദ്ധ പ്രചാരണങ്ങള്‍ക്കു അവസരമൊരുക്കിയത്. സര്‍ക്കാര്‍ ജോലികളില്‍ ദലിത് വിഭാഗങ്ങളേക്കാള്‍ പിന്നാക്കമായ മുസ്‌ലിം ഉദ്യോഗാര്‍ഥികളെ മാത്രം ലക്ഷ്യമിട്ട് ആരംഭിച്ച കോച്ചിങ് സെന്ററുകളിലെ പ്രവേശനത്തിനു മാത്രം നിശ്ചയിച്ച 80 ശതമാനം ക്വാട്ട നിയമനങ്ങളിലെയും ക്ഷേമ പദ്ധതികളിലെയും മുസ്‌ലിം സംവരണമായി ചിത്രീകരിച്ചാണ് കത്തോലിക്കാ സഭകളടക്കം കടുത്ത വിദ്വേഷ പ്രചാരണങ്ങള്‍ നടത്തുന്നത്. ഇതോടൊപ്പം, കൊവിഡ് കാല ആനുകൂല്യങ്ങള്‍ പോലും നിഷേധിക്കപ്പെട്ട മദ്‌റസാ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് കോടികള്‍ ശമ്പളമായി നല്‍കുന്നുവെന്ന കല്ലുവച്ച നുണകളും പ്രചരിപ്പിക്കുന്നു.

സംഘടിത വര്‍ഗീയ നീക്കത്തിലൂടെ സംസ്ഥാന സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതികള്‍ അട്ടിമറിക്കാനും മുസ്‌ലിംകള്‍ക്കുള്ള ഭരണഘടനാപരമായ ആനുകൂല്യങ്ങള്‍ അട്ടിമറിക്കാനുമാണ് ആര്‍എസ്എസും ചില െ്രെകസ്തവ സഭാ മേലധ്യക്ഷന്മാരും ശ്രമിക്കുന്നത്. ന്യൂനപക്ഷ സമുദായങ്ങള്‍ക്കാകെ അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ മുസ്‌ലിംകള്‍ക്ക് മാത്രമായി നല്‍കുന്നുവെന്ന അടിസ്ഥാനരഹിതമായ ആരോപണങ്ങളുമായി രംഗത്തുള്ള സഭാ നേതൃത്വത്തിന് പിന്തുണയുമായി സംഘപരിവാരവും രംഗത്തുണ്ട്. മുസ്‌ലിം സമുദായം വിവിധ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലകളില്‍ നേരിടുന്ന കൊടിയ വിവേചനവും അസമത്വവും പിന്നാക്കാവസ്ഥയും

സച്ചാര്‍ കമ്മിറ്റി വ്യക്തമാക്കിയ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് നിലവില്‍വന്ന ന്യൂനപക്ഷ ക്ഷേമവകുപ്പും ധനകാര്യ കോര്‍പറേഷനും കോച്ചിങ് സെന്ററുകളും തകിടം മറിക്കാനാണു ക്രൈസ്തവസഭകളുടെ പുതിയ നീക്കം. സര്‍ക്കാര്‍ ജോലികളിലെയും മറ്റും മുസ്‌ലിം പ്രാധിനിധ്യക്കുറവ് വലിയ യാഥാര്‍ഥ്യമായി തന്നെ നിലനില്‍ക്കെ സമുദായത്തെ സാമൂഹിക മുഖ്യാധാരയില്‍നിന്ന് കൂടുതല്‍ അകറ്റാനുള്ള ഗൂഢനീക്കളാണ് അരങ്ങേറുന്നത്.




ക്ഷേമ പദ്ധതികളിലെ 80:20 അനുപാതം പിന്‍വലിക്കണമെന്ന അല്‍മായ സംഘത്തിന്റെയും സഭകളുടെയും ആവശ്യം മുസ്‌ലിം സമുദായത്തിന്റെ ഭരണഘടനാ അവകാശങ്ങള്‍ക്കുമേലുള്ള കൃത്യമായ കടന്നുകയറ്റം തന്നെയാണ്.

രാജ്യത്തെ ദലിത് വിഭാഗങ്ങളുടേതിനേക്കാള്‍ ദുരിതപൂര്‍ണമായ അവസ്ഥയാണ് മുസ്‌ലിംകളുടേതെന്നാണ് സച്ചാര്‍ കമ്മിറ്റി റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയത്. ഭരണഘടനാപരമായ അവകാശങ്ങള്‍ മുസ്‌ലിംകള്‍ക്ക് ലഭ്യമാക്കാനുള്ള നിര്‍ദേശത്തിന്റെ ഭാഗമായാണ് സംസ്ഥാനത്ത് ന്യൂനപക്ഷ ക്ഷേമ കോര്‍പറേഷനും പദ്ധതികളും ആവിഷ്‌കരിക്കപ്പെട്ടത്.

ജില്ലകള്‍ തോറും സിറ്റിങ് നടത്തി സച്ചാര്‍ റിപോര്‍ട്ട് പഠന സമിതി ചെയര്‍മാന്‍ പാലോളി മുഹമ്മദ് കുട്ടി 2008 ഫൃബ്രുവരി 21 ന് നല്‍കിയ ശുപാര്‍ശകളുടെ അടിസ്ഥാനത്തില്‍ അന്നത്തെ ഇടതു സര്‍ക്കാര്‍ നടപ്പാക്കിയ ക്ഷേമ പദ്ധതികളെല്ലാം പുനസ്സംഘടിപ്പിക്കണമെന്നാണ് ഇപ്പോള്‍ സഭകളുടെ ആവശ്യം.

സര്‍ക്കാര്‍ ജോലികളിലും മറ്റും അര്‍ഹമായതിന്റെ പതിന്‍മടങ്ങ് പ്രാതിനിധ്യം അനുഭവിക്കുന്ന മുന്നാക്ക ക്രൈസ്തവര്‍ക്കു വേണ്ടി സമ്മര്‍ദ്ദം ചെലുത്തുന്ന സഭകള്‍ ലത്തീന്‍, നാടാര്‍ വിഭാഗങ്ങളുള്‍പ്പെടെയുള്ളവര്‍ക്ക് ന്യൂനപക്ഷ ആനുകൂല്യങ്ങള്‍ ലഭിക്കുന്നുവെന്ന വസ്തുത മറച്ചാണ് വിദ്വേഷം പ്രചരിപ്പിക്കുന്നത്.

ന്യൂനപക്ഷ സമുദായങ്ങളിലെ സംവരണ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായി നടപ്പാക്കുന്ന പദ്ധതികളുടെ ഘടനയും അനുപാതവുമെല്ലാം പാലോളി കമ്മിറ്റി റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നിശ്ചയിച്ചതാണെന്നിരിക്കെ, അതില്‍ കക്ഷികളല്ലാത്ത മുന്നാക്ക വിഭാഗത്തില്‍പ്പെട്ട സഭാ നേതൃത്വം ആരോപണങ്ങളുമായി രംഗത്ത് വരുന്നത് കൃത്യമായ മുസ്‌ലിം വിരുദ്ധ അജണ്ടകളുടെ ഭാഗം തന്നെ.

പാലോളി സമിതി ശുപാര്‍ശ പ്രകാരം, മുസ്‌ലിം ഉദ്യോഗാര്‍ഥികളെ കൈപിടിച്ചുയര്‍ത്താനാണ് സര്‍ക്കാര്‍ മുസ്‌ലിം കോച്ചിങ് സെന്ററുകള്‍ ആരംഭിച്ചത്. മുസ്‌ലിംകളെ മാത്രം ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്‌കരിച്ചതെങ്കിലും പ്രവേശനത്തിനുള്ള മുസ്‌ലിം ക്വാട്ട 80 ശതമാനമായി പരിമിതപ്പെടുത്തുകയും പിന്നാക്ക െ്രെകസ്തവരടക്കമുള്ളവര്‍ക്ക് 20 ശതമാനം ക്വാട്ട നീക്കി വയ്ക്കുകയും ചെയ്തു. മുസ്‌ലിം കോച്ചിങ് സെന്ററുകളില്‍ മുസ്‌ലിം ഇതര വിഭാഗത്തിന് 20 ശതമാനം നീക്കിവച്ചത് ഉദാര സമീപനമായിരുന്നു.

2016 ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം മന്ത്രി കെ ടി ജലീല്‍ മുസ്‌ലിം കോച്ചിങ് സെന്ററുകളുടെ പേരില്‍നിന്ന് മുസ്‌ലിം വെട്ടി മാറ്റി ന്യൂനപക്ഷ കോച്ചിങ് സെന്റര്‍ എന്നാക്കി. അതോടെ ആ സംരംഭത്തിന്റെ അന്തസ്സത്ത ചോദ്യം ചെയ്യാന്‍ മുസ്‌ലിം വിരുദ്ധര്‍ക്ക് അവസരമൊരുങ്ങി. മുസ്‌ലിം കോച്ചിങ് സെന്ററായിരുന്നപ്പോള്‍ പിന്നാക്ക ക്രൈസ്തവരടക്കമുള്ളവര്‍ക്ക് 20 ശതമാനം പ്രവേശന ക്രാട്ട അനുവദിച്ച വിശാല മനസ്‌കതയെ സ്വാഗതം ചെയ്തവര്‍, ന്യൂനപക്ഷ കോച്ചിങ് സെന്ററെന്നു പേരുമാറ്റിയതോടെ മട്ടും ഭാവവും മാറ്റി. മുസ്‌ലിം കോച്ചിങ് സെന്ററുകളിലെ 20 ശതമാനം ഔദാര്യം അവകാശമാക്കി മാറ്റിയതില്‍ തീരുന്നില്ല കാര്യങ്ങള്‍. വന്ന വെള്ളം നിന്ന വെള്ളത്തെ കൊണ്ടു പോയെന്ന തരത്തില്‍ മുസ്‌ലിംകള്‍ക്കായാരംഭിച്ച ഉദ്യോഗസ്ഥ കോച്ചിങ് സെന്ററുകളപ്പാടെ അധീനപ്പെടുത്താനാണ് സഭകളുടെ സംഘടിത നീക്കം.

(തുടരും)

Similar News