വിദ്വേഷപ്രചാരണം; നടപടി ആവശ്യപ്പെട്ട് ജംഇയ്യത്ത് ഉലമയെ ഹിന്ദ് സുപ്രിംകോടതിയില്‍

Update: 2022-01-02 03:50 GMT

ന്യൂഡല്‍ഹി: രാജ്യത്ത് മുസ് ലിംകള്‍ക്കെതിരേ നടക്കുന്ന വിദ്വേഷപ്രചാരണത്തിനും വിദ്വേഷ പ്രസംഗങ്ങള്‍ക്കുമെതിരേ ശക്തമായ നടപടി ആവശ്യപ്പെട്ട് ജംഇയ്യത്ത് ഉലമയെ ഹിന്ദ് സുപ്രിംകോടതിയെ സമീപിച്ചു. സമുദായത്തിനെതിരേ നടക്കുന്ന വിദ്വേഷ പ്രസംഗങ്ങളില്‍ വിവിധ സംസ്ഥാനങ്ങള്‍ നടപടി എടുക്കുന്നതില്‍ പരാജയപ്പെട്ടെന്ന് ആരോപിച്ചാണ് സംഘടന കോടതിയിലെത്തിയത്.

മുസ് ലിംകള്‍ക്കെതിരേ നടക്കുന്ന വിദ്വേഷപ്രസംഗങ്ങള്‍ വിമര്‍ശനത്തിന്റെ പരിധി വിട്ടുപോകുന്നതും അസഹിഷ്ണുയിലേക്കും ആക്രമണങ്ങളിലേക്കും നയിക്കുന്നതാണെന്നും ജംഇയ്യത്ത് ഉലമയെ ഹിന്ദ് നേതാവ് മൗലാന സയ്യിദ് മഹ്മൂദ് അസദ് മദനി പറഞ്ഞു.

പ്രവാചകനെ അപകീര്‍ത്തിപ്പെടുത്തുന്നത് ഇസ് ലാമിന്റെ അടിസ്ഥാന തത്ത്വത്തെത്തന്നെ ആക്രമിക്കുന്നതിനു തുല്യമാണെന്നും ഹരജിയില്‍ പറയുന്നു.

രാജ്യത്ത് നിരവധി ആക്രമണങ്ങള്‍ നടന്നു. സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങള്‍ ആക്രമിക്കപ്പെട്ടു.  അതിന് ഏറ്റവും കൂടുതല്‍ വിധേയമായത് മുസ് ലിം സമുദായമാണ്- ഹരജി ചൂണ്ടിക്കാട്ടി.

എം ആര്‍ ഷംഷാദ് ആണ് ഹരജിക്കാരനുവേണ്ടി ഹാജരാവുന്നത്. സംസ്ഥാന അധികാരികള്‍ക്കും കേന്ദ്രത്തിനും ആവശ്യത്തിന് സമയം ലഭിച്ചിട്ടും നടപടിയെടുത്തില്ലെന്നാണ് ഹരജിയില്‍ ആരോപിക്കുന്നത്.