ഹരിയാന മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകള്‍ ഞായറാഴ്ച; വോട്ടെണ്ണല്‍ ഡിസംബര്‍ 30ന്
ന്യൂഡല്‍ഹി: ഹരിയാനയിലെ വിവിധ മുനിസിപ്പാലിറ്റികളിലേക്കുള്ള തിരഞ്ഞെടുപ്പുകള്‍ ഞായറാഴ്ച നടക്കും. ബിജെപി- ജനനായക ജനതാ പാര്‍ട്ടി സഖ്യം ഒരു ഭാഗത്തും കോണ്‍ഗ്രസ്സ് മറു ഭാഗത്തുമായി നേരിട്ടുള്ള പോരാട്ടമാണ് നടക്കുന്നത്. ഹരിയാനയില്‍ 2019 തിരഞ്ഞെടുപ്പില്‍ മനോഹര്‍ ലാല്‍ ഖത്താര്‍ ബിജെപി-ജെജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണ് ഇത്. ജെജെപിയുടെ ദുഷ്യന്ത് ചൗട്ടാലയാണ് ഉപമുഖ്യമന്ത്രി.
അംബാല, പഞ്ച്കുല, സോനാപെട്ട് മുനിസിപ്പല്‍ കോര്‍പ്പറേഷനിലേക്കും റെവാരി, സാംപ്‌ല(റോഹ്തക്), ധരുഹേര (റെവാരി), ഉക്ലാന (ഹിസാര്‍) മുനിസിപ്പല്‍ കൗണ്‍സിലിലേക്കുമാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യ മൂന്ന് മുനിസിപ്പല്‍ കോര്‍പറേഷനില്‍ 20 വീതം വാര്‍ഡുകളും റെവാരിയില്‍ 31 വാര്‍ഡുമാണ് ഉള്ളത്. സാംപ് ല, 15, ധരുഹേര 17, ഉക്ലാന 13 എന്നിങ്ങനെയാണ് വാര്‍ഡുകളുടെ എണ്ണം.
രാവിലെ 8 മുതല്‍ വൈകീട്ട് 5.30 വരെയാണ് പോളിങ്. കൊവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാവരും സാനിറ്റൈസര്‍ ഉപയോഗിക്കണം. മാസ്‌കും നിര്‍ബന്ധം. ബൂത്തിലെത്തുന്നവരെ തെര്‍മല്‍ സ്‌കാനര്‍ ഉപയോഗിച്ച് പരിശോധന നടത്തും.
അവസാന മണിക്കൂര്‍ കൊവിഡ് രോഗികള്‍ക്കാണ് നീക്കിവച്ചിട്ടുള്ളത്.
കര്‍ഷക വിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് ഓം പ്രകാശ് ചൗട്ടാലയുടെ ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചിരിക്കുകയാണ്.
വോട്ടെണ്ണല്‍ ഡിസംബര്‍ 30ന് നടക്കും. അന്നുതന്നെ ഫലപ്രഖ്യാപനവുമുണ്ടാവും.
