സമരം ചെയ്യുന്ന കര്‍ഷകരോട് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചചെയ്യാന്‍ ഹരിയാന മുഖ്യമന്ത്രിയുടെ ഉപദേശം

Update: 2020-11-27 12:03 GMT

ന്യൂഡല്‍ഹി: സമരം ചെയ്യുന്ന കര്‍ഷകരോടും അവരെ നയിക്കുന്ന കര്‍ഷക സംഘടനകളോടും അവരുടെ ന്യായമായ ആവശ്യങ്ങള്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച ചെയ്യണമെന്ന ഉപദേശവുമായി ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍.

കേന്ദ്ര സര്‍ക്കാര്‍ എല്ലാ സമയവും ചര്‍ച്ചയ്ക്ക് തയ്യാറാണ്. എല്ലാ കര്‍ഷക സഹോദരങ്ങളും കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാവണം. ഇത്തരം മുന്നേറ്റങ്ങളല്ല, പരിഹാരമാര്‍ഗം പകരം ചര്‍ച്ചയ്ക്ക് തയ്യാറാവണം- മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു.

വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്ത കര്‍ഷകരെ വിവിധ അതിര്‍ത്തികളില്‍ വച്ച് ഹരിയാന സര്‍ക്കാര്‍ തടഞ്ഞിരുന്നു. ഒടുവില്‍ കനത്ത പ്രതിഷേധത്തിനൊടുവില്‍ സമരക്കാര്‍ സംസ്ഥാന അതിര്‍ത്തി മുറിച്ചു കടക്കുകയായിരുന്നു.

തുടക്കം മുതല്‍ സമരത്തോട് എതിര്‍പ്പുപ്രകടിപ്പിച്ച കേന്ദ്ര സര്‍ക്കാര്‍ ഒടുവില്‍ നിവൃത്തിയില്ലാതായപ്പോഴാണ് ഡല്‍ഹിയിലേക്ക് മാര്‍ച്ച് ചെയ്യാന്‍ അനുമതി നല്‍കിയത്. ഡല്‍ഹിയിലെ സ്‌റ്റേഡിയങ്ങള്‍ താല്‍ക്കാലിക ജയിലുകളാക്കാനുള്ള അനുമതി ഡല്‍ഹി സര്‍ക്കാര്‍ നിഷേധിച്ചിരുന്നു.