ഹരിയാന നിയമസഭയില്‍ മതംമാറ്റ നിരോധന നിയമത്തിന് അംഗീകാരം; കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി

Update: 2022-03-22 12:26 GMT

ഛണ്ഡീഗഢ്; നിര്‍ബന്ധിത മതംമാറ്റം നിയമവിരുദ്ധമാക്കുന്ന ബില്ല് ഹരിയാന നിയമസഭ പാസ്സാക്കി. മതംമാറ്റ നിയമം അവതരിപ്പിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭ ബഹിഷ്‌കരിച്ചു. മാര്‍ച്ച് നാലിനാണ് ബില്ല് സഭയുടെ പരിഗണനക്ക് വന്നത്.

ഹരിയാന നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന ബില്ല്, 2022, എന്ന് പേരിട്ടിട്ടുള്ള ഈ നിയമമനുസരിച്ച് കുറ്റം ചെയ്യുന്നവര്‍ അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷ അനുഭവിക്കേണ്ടിവരും. ഒരു ലക്ഷത്തില്‍ കൂടുതല്‍ പിഴയും ഒടുക്കേണ്ടിവരും. നിര്‍ബന്ധിച്ചും പ്രലോബിപ്പിച്ചും മതംമാറ്റുന്നത് ഈ നിയമമനുസരിച്ച് കുറ്റകരമാണ്.

മതംമാറ്റുന്നത് ചെറിയ പെണ്‍കുട്ടിയെയോ, സ്ത്രീയെയോ ദലിതനെയോ ആണെങ്കില്‍ നാല് വര്‍ഷത്തില്‍ കുറയാത്ത ശിക്ഷ അനുഭവിക്കണം. അത് പത്ത് വര്‍ഷം വരെ നീട്ടാനും കോടതിക്ക് അവകാശമുണ്ട്.

കൂടാതെ 3 ലക്ഷം പിഴയും ചുമത്താം. നേരത്തെ കൊണ്ടുവന്ന ബില്ലില്‍ ഈ വ്യവസ്ഥയുണ്ടായിരുന്നില്ല.

ഇപ്പോള്‍ നിലവിലുള്ള നിയമത്തില്‍ നിര്‍ബന്ധിച്ച് മതംമാറ്റുന്നത് കുറ്റകരമാണെന്നും അതുകൊണ്ട് പുതിയ നിയമത്തിന്റെ ആവശ്യമില്ലെന്നും കോണ്‍ഗ്രസ് നേതാവ് ഭൂപീന്ദര്‍ സിങ് ഹൂഡ കുറ്റപ്പെടുത്തി.

ഹരിയാന നിയമസഭയുടെ ചരിത്രത്തിലെ ഒരു കറുത്ത ദിനമാണ് ഇതെന്ന് കോണ്‍ഗ്രസ് നേതാവ് കിരന്‍ ചൗധരി പറഞ്ഞു.

നിയമം ഒരു മതത്തിനും എതിരല്ലെന്ന് മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ പറഞ്ഞു.

Tags: