2022 പഞ്ചാബ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ നവജ്യോത് സിങ് സിദ്ദു നയിക്കുമെന്ന് ഹരിഷ് റാവത്ത്

Update: 2021-09-20 04:16 GMT

ഛണ്ഡീഗഢ്: 2022ലെ പഞ്ചാബ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ നയിക്കുക നവജ്യോത് സിങ് സിദ്ദുവായിരിക്കുമെന്ന് ഹരിഷ് റാവത്ത്. കോണ്‍ഗ്രസ്സില്‍ പഞ്ചാബിന്റെ ചുമതലയുളള നേതാവാണ് റാവത്ത്. സിദ്ദു വോട്ടര്‍മാര്‍ക്കിടയില്‍ പ്രശസ്തനാണെന്നും ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തില്‍ സാധ്യയുള്ളയാളാണെന്നും അദ്ദേഹം പറഞ്ഞു.

ആരായിരിക്കും കോണ്‍ഗ്രസ്സിനെ നയിക്കേണ്ടതെന്ന് തീരുമാനിക്കുക കോണ്‍ഗ്രസ് പ്രസിഡന്റാണ്. പക്ഷേ, ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ സാധ്യത സിദ്ദുവിനാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചരന്‍ജിത് സിങ് ചന്നിയെ മുഖ്യമന്ത്രിയായി നിശ്ചയിച്ച ശേഷം നടത്തിയ അഭിമുഖത്തിലാണ് റാവത്ത് ഇക്കാര്യം പറഞ്ഞത്.

''തീരുമാനമെടുത്തത് ഇന്നലെ മാത്രമാണ്. ഞങ്ങള്‍ ഗവര്‍ണറെ കാണാന്‍ കാത്തിരിക്കുകയായിരുന്നു. ചരന്‍ജിത് സിങ് ചന്നിയുടെ പേര് ഐകകണ്യേനയാണ് തീരുമാനിച്ചത്. അമരീന്ദര്‍ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുക്കണമെന്നാണ് ഞങ്ങളുടെ ആഗ്രഹം. പക്ഷേ, തീരുമാനം അദ്ദേഹത്തിന്റേതാണ്''- റാവത്ത് പറഞ്ഞു.

അതേസമയം രണ്ട് ഉപമുഖ്യമന്ത്രിമാരുടെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഇന്ന് രാവിലെ 11നാണ് സത്യപ്രതിജ്ഞാച്ചടങ്ങ്.  

Tags: