ഒരു ഫ്രോഡിനെ തിരിച്ചറിയാനുള്ള സാമാന്യബുദ്ധി പോലുമില്ലാത്തയാളായിരുന്നല്ലോ പോലിസ് തലപ്പത്ത്; പരിഹസിച്ച് ഹരീഷ് വാസുദേവന്‍

കോസ്മറ്റോളജിയില്‍ ഡോക്ടറേറ്റുണ്ടെന്നും മോന്‍സന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ പത്താംക്ലാസ് പോലും പാസായിട്ടില്ലെന്നാണ് പോലിസ് പറയുന്നത്. ടിപ്പു സുല്‍ത്താന്റെ സിംഹാസനം, മോശയുടെ അംശ വടി തുടങ്ങിയവ നിരവധി പുരാവസ്തു തന്റെ പക്കലുണ്ടെന്നായിരുന്നു മോന്‍സന്റെ വാദം. എന്നാല്‍ ഈ വസ്തുക്കളെല്ലാം നിര്‍മിച്ചത് ചേര്‍ത്തലയിലുള്ള ആശാരിയാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി.

Update: 2021-09-27 12:20 GMT

തിരുവനന്തപുരം: തട്ടിപ്പ് വീരന്‍ മോന്‍സന്‍ മാവുങ്കലുമായുള്ള ബന്ധത്തില്‍ മുന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ പരിഹസിച്ച് ഹരീഷ് വാസുദേവന്‍. ഒരു ഫ്രോഡിനെ തിരിച്ചറിയാനുള്ള സാമാന്യബുദ്ധി പോലുമില്ലാത്ത ലങ്ങേരാണല്ലോ പോലിസിന്റെ തലപ്പത്ത് ഇരുന്ന് മലയാളിയുടെ കൊവിഡ് നിയന്ത്രണ നയങ്ങള്‍ തീരുമാനിച്ചതെന്നാണ് ഹരീഷിന്റെ പരിഹാസം.

ഹരീഷ് വാസുദേവന്റെ കുറിപ്പ്

'ഡ്യൂപ്ലിക്കേറ്റ് അംശവടിയും ടിപ്പുവിന്റെ സിംഹാസനവും അത് വില്‍ക്കാന്‍ നോക്കുന്ന ഒരു ഫ്രോഡിനെയും തിരിച്ചറിയാനുള്ള സാമാന്യബുദ്ധി പോലുമില്ലാത്ത, ആ ഇരിക്കുന്ന ലങ്ങേരാണല്ലോ ഒന്നൊന്നര വര്‍ഷം പോലിസിന്റെ തലപ്പത്ത് ഇരുന്ന് മലയാളിയുടെ കൊവിഡ് നിയന്ത്രണങ്ങള്‍ സംബന്ധിച്ച നയങ്ങള്‍ തീരുമാനിച്ചത് എന്നോര്‍ക്കുമ്പോ, Sreejan Balakrishnan പറഞ്ഞത് പോലെ, അയ്യേ.... ഈ പൊങ്ങന്‍ ഇനി കൊച്ചിമെട്രോ ഭരിക്കുന്നത് കാണാന്‍ കാത്തിരിക്കൂ..വാള്‍ പിടിച്ചയാളുടെ രഹസ്യ അന്വേഷണമാവണം ചിലപ്പോ ഇപ്പോഴെങ്കിലും....'

അതേസമയം, മോന്‍സന്‍ മാവുങ്കലിനെ പ്രവാസി മലയാളി ഫെഡറേഷന്‍ രക്ഷാധികാരി സ്ഥാനത്തുനിന്ന് നീക്കി. പുരാവസ്തു തട്ടിപ്പ് കേസില്‍ ഉള്‍പ്പെട്ടതായുള്ള വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് ഫെഡറേഷന്‍ അറിയിച്ചു.

ടിപ്പു സുല്‍ത്താന്റെ സിംഹാസനം, മോശയുടെ അംശ വടി തുടങ്ങിയവ നിരവധി പുരാവസ്തു തന്റെ പക്കലുണ്ടെന്നായിരുന്നു മോന്‍സന്റെ അവകാശ വാദം. എന്നാല്‍ ഈ വസ്തുക്കളെല്ലാം നിര്‍മിച്ചത് ചേര്‍ത്തലയിലുള്ള ആശാരിയാണെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തി. പുരാവസ്തു കേന്ദ്രത്തിലുള്ള പല വസ്തുക്കളും അതി പുരാതനവും കോടിക്കണക്കിന് രൂപ വിലവരുന്നതുമാണെന്നും ഇയാള്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ ഇതെല്ലാം തട്ടിപ്പാണെന്നാണ് പോലിസിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുന്നത്. കോസ്മറ്റോളജിയില്‍ ഡോക്ടറേറ്റുണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇയാള്‍ പത്താംക്ലാസ് പോലും പാസായിട്ടില്ലെന്നാണ് പോലിസ് പറയുന്നത്.

ഇതിനിടെ, പുരാവസ്തുക്കളുടെ മറവില്‍ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലിനോട് അടുപ്പമുണ്ടെന്ന ആക്ഷേപം നേരിട്ട ഐജി ലക്ഷ്മണിന് എഡിജിപി മനോജ് എബ്രഹാം കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. അധികാര പരിധിയില്‍പെടാത്ത വിഷയത്തില്‍ ഇടപെട്ടെന്ന ആരോപണത്തിലാണ് എഡിജിപി വിശദീകരണം തേടിയത്. കേസില്‍ ഇടപെടാനുണ്ടായ സാഹചര്യത്തെ കുറിച്ച് രണ്ട് ദിവസത്തിനകം മറുപടി നല്‍കണം എന്നാണ് നിര്‍ദേശം.

Tags: