ഹാനിബാബുവിന്റെ അറസ്റ്റ് ഭരണകൂട വേട്ടയുടെ ഹീനമായ ഉദാഹരണം: നോം ചോംസ്‌കി

ശത്രുക്കളുടെ ആക്രമണങ്ങളില്‍നിന്ന് നിരന്തരമായി സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തില്ലെങ്കില്‍ ഉണങ്ങിപ്പോകാന്‍ മാത്രം ദുര്‍ബലമായൊരു സസ്യമാണ് ജനാധിപത്യം.

Update: 2021-07-23 01:30 GMT
ന്യൂഡല്‍ഹി: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സ്വേച്ഛാധിപത്യ ഭരണകൂടം നടത്തുന്ന ആവിഷ്‌ക്കാര സ്വാതന്ത്ര്യവേട്ടയുടെ ഹീനമായ ഉദാഹരണമാണ് ഹാനി ബാബുവിന്റെ അറസ്‌റ്റെന്ന് വിഖ്യാത ഭാഷാ പണ്ഡിതനും സാമൂഹിക പ്രവര്‍ത്തകനുമായ നോം ചോംസ്‌കി. ഹാനി ബാബു തടവിലടക്കപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി നടന്ന അക്കാദമിക കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു ചോംസ്‌കി. സ്‌കോളേഴ്‌സ് അറ്റ് റിസ്‌ക്, ദി ഇന്‍സറ്റിറ്റിയൂട്ട് ഫോര്‍ പോസ്റ്റ് കൊളോനിയല്‍ സ്റ്റഡീസ് എന്നിവയുമായി സഹകരിച്ച് ഹാനിബാബുവിന്റെ സുഹൃത്തുക്കളാണ് 'ഭാഷയും നീതിയും' എന്ന പേരില്‍ രാജ്യാന്തര അക്കാദമിക കോണ്‍ഫറന്‍സ് നടത്തിയത്.


വിശ്വസിക്കാവുന്ന കുറ്റങ്ങളൊന്നുമില്ലാതെ ഞെട്ടിപ്പിക്കുന്ന സാഹചര്യത്തിലാണ് ഹാനി ബാബു ഒരു വര്‍ഷമായി തടവറയില്‍ കഴിയുന്നത്. എന്റെ ആദരണീയനായ അക്കാദമിക സുഹൃത്തും, അധസ്ഥിതരും പിന്നാക്കക്കാരുമായവരുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടങ്ങളുടെ കാര്യത്തില്‍ മുന്നിലുള്ള ആളുമാണ് ഹാനിബാബുവെന്നും നോം ചോംസ്‌കി പറഞ്ഞു. ഇന്ത്യയുടെ മതേതര ജനാധിപത്യ സംവിധാനത്തിന്റെ സംരക്ഷണ പോരാട്ടത്തില്‍ പ്രധാനമാണ് ഹാനിക്കു വേണ്ടിയുള്ള പ്രതിരോധമെന്നും ചോംസ്‌കി പറഞ്ഞു.


ശത്രുക്കളുടെ ആക്രമണങ്ങളില്‍നിന്ന് നിരന്തരമായി സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തില്ലെങ്കില്‍ ഉണങ്ങിപ്പോകാന്‍ മാത്രം ദുര്‍ബലമായൊരു സസ്യമാണ് ജനാധിപത്യം. ഇന്ത്യയുടെ മതേതര ജനാധിപത്യം ഒരുപാട് ആക്രമണങ്ങള്‍ അതിജീവിച്ചിട്ടുണ്ട്. എന്നാല്‍, ശക്തമായും ഉറച്ചബോധ്യത്തോടെയും എതിരിട്ടില്ലെങ്കില്‍ ഇപ്പോഴത്തെ ആക്രമണം കൂടുതല്‍ വിനാശകരമായിത്തീരാനിടയുണ്ടെന്നും നോം ചോസ്‌കി പറഞ്ഞു.


22, 23 തിയതികളിലായി അക്കാദമികരംഗത്തെ പ്രമുഖരാണ് ഓണ്‍ലൈനില്‍ നടക്കുന്ന കോണ്‍ഫറന്‍സില്‍ വിവിധ വിഷയങ്ങള്‍ അവതരിപ്പിക്കുന്നത്.




Tags: