ഹനുമാന്‍ ചാലിസ വിവാദം: റാണ ദമ്പതിമാര്‍ക്ക് ജാമ്യം

Update: 2022-05-04 13:15 GMT

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ വസതിയില്‍ ഹനുമാന്‍ ചാലിസ ചൊല്ലുമെന്ന് പ്രഖ്യാപിച്ച കേസില്‍ അമരാവതി ലോക് സഭാ മണ്ഡലത്തില്‍നിന്നുള്ള എംപി നവനീത് റാണക്കും ഭാര്യയും എംഎല്‍എയുമായ രവി റാണക്കും മുംബൈ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു.

ഇരുവരെയും ഏപ്രില്‍ 23നാണ് മുംബൈയിലെ അവരുടെ വസതിയില്‍നിന്ന് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തി ഹനുമാന്‍ ചാലിസ മുഴക്കുമെന്നായിരുന്നു ഇവര്‍ പ്രഖ്യാപിച്ചത്. ഇവര്‍ക്കെതിരേ രണ്ട് എഫ്‌ഐആറുകളാണ് ചുമത്തിയിട്ടുള്ളത്.

ഇരുവരും മാധ്യമങ്ങളെ കാണരുതെന്നും സമാനമായ കുറ്റങ്ങള്‍ ചെയ്യരുതെന്നുമുള്ള നിബന്ധനയിലാണ് ഇവര്‍ക്ക് ജാമ്യം നല്‍കിയത്. 

സമുദായങ്ങള്‍ തമ്മില്‍ സ്പര്‍ധയുണ്ടാക്കുന്ന പ്രസ്താവനയുടെ പേരില്‍ നവനീത് റാണയെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

തന്റെ കക്ഷിക്ക് സ്‌പോണ്ടിലോസിസ് ഉണ്ടെന്നും ജയിലില്‍ ദീര്‍ഘനേരം ഇരുന്നാല്‍ അപകടമാണെന്നും റാണയുടെ അഭിഭാഷകന്‍ ജയില്‍ അധികൃതര്‍ക്ക് എഴുതിയിരുന്നു.

ബാല്‍താക്കറെ വളര്‍ത്തിയെടുത്ത പ്രത്യയശാസ്ത്രത്തില്‍നിന്ന് ഉദ്ദവ് താക്കറെ പിന്നോട്ടുപോയതായി നവ്‌നീത് കുറ്റപ്പെടുത്തി. 

Tags: