ഹലാല്‍ ബീഫ്: സംഘ്പരിവാര്‍ അതിക്രമം കലാപത്തിനുള്ള ഗൂഢനീക്കം: എസ്ഡിപിഐ

Update: 2022-05-10 15:16 GMT

കോഴിക്കോട്: പേരാമ്പ്രയിലെ ബാദുഷ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഹലാല്‍ ബീഫിന്റെ പേരില്‍ സംഘപരിവാര്‍ നടത്തിയ അതിക്രമം പ്രദേശത്ത് കലാപം നടത്താനുള്ള ഗൂഢനീക്കത്തിന്റെ ഭാഗമാണെന്ന് എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി എന്‍ കെ റഷീദ് ഉമരി. രാജ്യത്ത് മുസ്‌ലിം വംശഹത്യക്ക് കോപ്പ്കൂട്ടുന്ന ആര്‍എസ്എസ് നീക്കത്തിന് പ്രതലം ഒരുക്കുകയാണ് ഇത്തരം അതിക്രമങ്ങളിലൂടെ ചെയ്യുന്നത്. പ്രതികളെ രക്ഷപ്പെടുത്താനുള്ള പോലിസ് നീക്കം ഗൗരവത്തോടെ കാണേണ്ടതുണ്ട്. മതസ്പര്‍ധയുണ്ടാക്കുന്ന തരത്തില്‍ അക്രമം അഴിച്ചു വിട്ടിട്ടും കേവലം വധശ്രമത്തിന് മാത്രമാണ് പോലിസ് കേസ് എടുത്തിട്ടുള്ളത്.

തുടക്കം മുതല്‍ തന്നെ പ്രതികളുടെ രാഷ്ട്രീയ ബന്ധം മറച്ചുവയ്ക്കാനാണ് പോലിസ് ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഹൈപ്പര്‍ മാര്‍ക്കറ്റിലെ സിസിടിവി പരിശോധിച്ചാല്‍ മുഴുവന്‍ ആക്രമികളെയും കണ്ടെത്താം എന്നിരിക്കെ അത്തരത്തിലുള്ള യാതൊരു നീക്കവും അക്രമം നടന്നു രണ്ടു ദിവസം കഴിഞ്ഞിട്ടും പോലിസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. മുസ്‌ലിം വംശഹത്യക്ക് തുടക്കമിടാനുള്ള സംഘപരിവാര ശ്രമം തിരിച്ചറിഞ്ഞിട്ടും ഗൗരവമുള്ള വകുപ്പുകള്‍ ഉള്‍പ്പെടുത്താത്ത പോലിസ് നീക്കം പ്രതിഷേധാര്‍ഹമാണ്.

ബാദുഷാ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഹിന്ദുക്കള്‍ക്ക് കഴിക്കാന്‍ ഹലാലല്ലാത്ത ബീഫ് വേണമെന്ന് ആവശ്യപ്പെട്ട് ബഹളം വച്ച് അക്രമം കാണിക്കുകയും സ്ഥാപനത്തിന് നേരെ അക്രമം അഴിച്ചുവിടാന്‍ ശ്രമിച്ചതും പ്രാദേശിക സംഭവമായി ലാഘവത്തോടെ കാണാതെ ജാഗ്രതയോടെ പൊതുജനം ഉള്‍ക്കൊള്ളണം. അക്രമികളെ രക്ഷപ്പെടുത്താന്‍ പോലിസ് കൂട്ടുനില്‍ക്കുന്ന സമീപനം തുടര്‍ന്നാല്‍ പൊതുജനങ്ങളെ അണിനിരത്തി ശക്തമായ സമരം നടത്താന്‍ പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ടെന്ന് നേതാക്കള്‍ പറഞ്ഞു.

പത്രസമ്മേളനത്തില്‍ ജില്ലാ വൈസ് പ്രസിഡന്റ് ജലീല്‍ സഖാഫിയും പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് ഹമീദ് എടവരാടും പങ്കെടുത്തു.

Tags:    

Similar News