ഹക്കിം ഫൈസി ആദൃശേരി സിഐസി ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു

Update: 2023-02-22 16:06 GMT

മലപ്പുറം: കോ-ഓഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസ് ജനറല്‍ സെക്രട്ടറി സ്ഥാനം ഹക്കിം ഫൈസി ആദൃശേരി രാജിവച്ചു. സാദിഖലി ശിഹാബ് തങ്ങള്‍ക്ക് രാജി കൊടുത്തയച്ചെന്ന് ഹക്കിം ഫൈസി പ്രതികരിച്ചു. സമസ്തയുടെ അതൃപ്തിക്ക് പിന്നാലെയായിരുന്നു ഹക്കിം ഫൈസിയുടെ രാജി. രാജി നല്‍കിയെന്ന് രാവിലെ വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പൂര്‍ണസമ്മതത്തോടെയല്ല രാജിവയ്ക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

സാദിഖലി ശിഹാബ് തങ്ങള്‍ ഇന്നലെയാണ് പാണക്കാട്ടേക്ക് വിളിച്ചുവരുത്തി രാജി ആവശ്യപ്പെട്ടത്. കൂടിക്കാഴ്ചയില്‍ പി കെ കുഞ്ഞാലിക്കുട്ടിയും ആബിദ് ഹൂസൈന്‍ തങ്ങളും പങ്കെടുത്തു. സമസ്തയിലെ ചിലര്‍ അനവസരത്തില്‍ പ്രശ്‌നം സൃഷ്ടിക്കുകയാണ്. ഇതുവരെയുള്ള പ്രവര്‍ത്തനങ്ങള്‍ സേവനമായാണ് കണ്ടത്. സാദിഖലി ശിഹാബ് തങ്ങള്‍ വലിയ സമ്മര്‍ദ്ദത്തിലാണെന്നും ഹക്കിം ഫൈസി ആദൃശേരി പ്രതികരിച്ചു. ഹക്കിം ഫൈസിക്കൊപ്പം 118 പേരാണ് കോ-ഓഡിനേഷന്‍ ഓഫ് ഇസ്‌ലാമിക് കോളജസില്‍ നിന്ന് രാജിവച്ചത്.

സമസ്തയുടെ വിലക്ക് മറികടന്ന് സാദിഖലി തങ്ങള്‍ ഹക്കിം ഫൈസിയുമായി കഴിഞ്ഞ ദിവസം വേദി പങ്കിട്ടതില്‍ സമസ്ത അതൃപ്തി രേഖപ്പെടുത്തിയതിന് പിന്നാലെയാണ് രാജി. ഹക്കിം ഫൈസിയെ സമസ്ത നേരത്തെ തന്നെ പുറത്താക്കുകയും ഹക്കിം ഫൈസിയുടെ പ്രവര്‍ത്തങ്ങളെല്ലാം സംഘടനാവിരുദ്ധമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഹക്കിം ഫൈസിയുമായും സിഐസിയുമായും ലീഗ് ബന്ധം തുടരുന്നതിനിടയിലാണ് സമസ്ത ബന്ധം വിച്ഛേദിക്കുന്ന നിലപാട് സ്വീകരിച്ചത്. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ചൂണ്ടിക്കാട്ടി എല്ലാ ഘടകങ്ങളില്‍ നിന്നും ഹക്കിഫൈസി ആദൃശേരിയെ നേരത്തെ സമസ്ത പുറത്താക്കിയിരുന്നു.

Tags:    

Similar News