ഹജ്ജ് യാത്രികര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ യാത്രയുടെ 14 ദിവസം മുന്‍പ് എടുക്കാന്‍ സൗകര്യമൊരുക്കുമെന്ന് ഹജ്ജ് കാര്യവകുപ്പ്

Update: 2021-05-31 18:04 GMT

തിരുവനന്തപുരം: ഹജ്ജ് യാത്രികര്‍ക്ക് കൊവിഡ് വാക്‌സിനേഷന്‍ യാത്ര തുടങ്ങുന്നതിനും 14 ദിവസം മുന്‍പ് എടുക്കാന്‍ സൗകര്യമൊരുക്കുമെന്ന് ഹജ്ജ് കാര്യവകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ അറിയിച്ചു. തിരുവനന്തപുരത്ത് ഇതു സംബന്ധിച്ച നടന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്.

ഹജ് കമ്മിറ്റി ഓഫ് ഇന്ത്യയുടെ ആക്ഷന്‍പ്ലാന്‍ പ്രകാരം, ഈ വര്‍ഷത്തെഇന്ത്യയില്‍നിന്നുള്ള ഹജ്ജ് യാത്ര ജൂണ്‍ 26ന് ആരംഭിക്കേണ്ടതുണ്ട്. നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ കോവിഷീല്‍ഡ് വാക്‌സിന്‍ രണ്ട് ഡോസുകള്‍ക്കിടയില്‍ ഉള്ള ചുരുങ്ങിയ ഇടവേള 84 ദിവസമാണ്. അതുപ്രകാരം ഈ വര്‍ഷത്തെ ഹജ്ജ് യാത്രയ്ക്ക് മുന്‍പ് രണ്ടാം ഡോസ് എടുത്ത് ഹജ് യാത്ര ചെയ്യാന്‍ സാധിക്കുകയില്ല. ഈ സാഹചര്യത്തിലാണ് രണ്ടാം ഡോസ് എടുക്കുന്നതിനുള്ള ഇടവേള 4-6 ആഴ്ചയായി ചുരുക്കണമെന്ന ആവശ്യമുയര്‍ന്നത്. അതിലാണ് ഇപ്പോള്‍ തീരുമാനമെടുത്തത്.

2021ലെ ഹജ്ജ് നടപടികളുടെ ഭാഗമായി വിശദമായ ഗൈഡ് ലൈന്‍ സൗദിഅറേബ്യ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍നിന്നുള്ള ഹജ്ജ് യാത്രക്കാര്‍ കൊവിഡ് പ്രതിരോധകുത്തിവെപ്പ് ഒന്നാം ഡോസ് മെയ് 13 ന്( ഹിജ്റ മാസം ശവ്വാല്‍-1 ) മുമ്പും രണ്ടാം ഡോസ്സൗദി അറേബ്യയിലേക്ക് പ്രവേശിക്കുന്നതിന് 14 ദിവസം മുമ്പും എടുക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. മേല്‍ വിവരം സംസ്ഥാനത്തെ ഹജ് അപേക്ഷകരെ സംസ്ഥാന ഹജ് കമ്മിറ്റി നേരത്തെ അറിയിച്ചിട്ടുമുണ്ട്.

യോഗത്തില്‍ വകുപ്പ് മന്ത്രിക്ക് പുറമെ ഹജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, മെമ്പര്‍ അനസ് ഹാജി, വകുപ്പ് സെക്രട്ടറിമാര്‍, കോഓര്‍ഡിനേറ്റര്‍ അഷ്റഫ് അരയന്‍കോട് പങ്കെടുത്തു.