ഹജ്ജ് സാര്‍വ്വത്രികശുദ്ധിയിലേക്കുള്ള തീര്‍ത്ഥാടനം: സാദിഖലി ശിഹാബ് തങ്ങള്‍
നെടുമ്പാശ്ശേരി: ഒരു വ്യക്തിയുടെ ഹജ്ജ് കര്‍മ്മത്തിലേക്കുളള തീര്‍ത്ഥാടനം ആ വ്യക്തിയുടേയും കുടുംബത്തിന്റെയും കുടെ സമൂഹത്തിന്റെയും സാര്‍വ്വത്രിക ശുദ്ധിയിലേക്കുള്ള തീര്‍ത്ഥാനടമാണെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നെടുമ്പാശ്ശേരിയിലെ ഹജ്ജ് ക്യാമ്പില്‍ തീര്‍ത്ഥാടക സംഘത്തിനുള്ള യാത്രയയപ്പ് സംഗമത്തില്‍ ഉദ്‌ബോധന പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം.
അടിമകളുടെ ഹൃദയങ്ങളെ, ശരീരങ്ങളെ വിമലീകരിക്കുന്നതിനു വേണ്ടി ഉടമസ്ഥാനായ നാഥന്‍ നല്‍കിയ വിരുന്നാണ് ഹജ്ജ്. ഹജ്ജ് കര്‍മ്മത്തിനു പോവുന്ന ഓരോ വ്യക്തിയും വിരുന്നുകാരനാണ്. നാഥന്റെ പ്രത്യേക ക്ഷണത്തിനു ഉത്തരം നല്‍കി പുറപ്പെടുന്നവര്‍. വിരുന്നുകാരന്റെ മനസ്സ്, ശരീരം, സമ്പത്ത് തുടങ്ങിയവ ഹജ്ജ് കര്‍മ്മത്തിലൂടെ ശുദ്ധീകരിക്കപ്പെടുന്നതോടൊപ്പം ഒരു സാമൂഹിക, സാംസ്‌കാരിക ശുദ്ധീകരണ പ്രക്രിയ കൂടി നടക്കുന്നു. ആ ശുദ്ധീകരണത്തിന്റെ വിശുദ്ധി പ്രസവിച്ച കുഞ്ഞിന്റെ വിശുദ്ധിക്കു സമാനമാണ്. ആ വിശുദ്ധി കുടുംബത്തിലേക്കും സമൂഹത്തിലേക്കും പ്രസരിക്കപ്പെടണം. പകര്‍ന്നു നല്‍കണം. അതാണ് അറഫാ മൈതാനിയില്‍ പ്രവാചകന്‍ (സ്വ) യുടെ സന്ദേശം. ഒരുമിച്ചു കൂടിയവര്‍ക്കു മാത്രമല്ല, എല്ലാവര്‍ക്കും ആ ദിനത്തിലെ സന്ദേശം എത്തിക്കണമെന്നാണ് പ്രവാകന്‍ (സ്വ) യുടെ ആജ്ഞ. ആ തരത്തില്‍ നമ്മുടേയും കുടുംബത്തിന്റെയും സമൂഹത്തിന്റെയും സാര്‍വ്വത്രീക ശുദ്ധീകരണ പ്രക്രിയക്കു ഹേതുവാകാന്‍ നമ്മുടെ ഓരോരുത്തരുടേയും തീര്‍ത്ഥാടന യാത്രയിലൂടെ സാധ്യമാകട്ടെയെന്ന് തങ്ങള്‍ ആശംസിച്ചു.