ഹജ്ജ് മുന്നൊരുക്കം; കഅ്ബയുടെ കിസ്‌വ ഉയര്‍ത്തിക്കെട്ടി, വാര്‍ഷിക അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായി
മക്ക: വരാനിരിക്കുന്ന ഹജ്ജ് സീസണിനോടനുബന്ധിച്ച് വിശുദ്ധ മസ്ജിദുല്‍ ഹറമിലെ കഅ്ബയെ പുതപ്പിച്ചിരിക്കുന്ന കിസ്‌വയുടെ താഴ്ഭാഗം ഉയര്‍ത്തിക്കെട്ടി. ഇരുഹറം പരിപാലന അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ 34 വിദഗ്ധര്‍ ചേര്‍ന്ന് ഏകദേശം രണ്ടു മണിക്കൂര്‍ കൊണ്ടാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.
കിസ്‌വയുടെ താഴത്തെ ഭാഗം മൂന്നു മീറ്ററോളം ഉയര്‍ത്തി ഉറപ്പിച്ചു. തുടര്‍ന്ന് താഴ്ഭാഗം വെളുത്ത പരുത്തിത്തുണികൊണ്ട് മൂടുകയും ചെയ്തു. ഹജ്ജ് സമയത്ത് മത്വാഫ് മേഖലയില്‍ അനുഭവപ്പെടുന്ന വലിയ തിരക്കിനിടെ തീര്‍ത്ഥാടകരുടെ സ്പര്‍ശനമൂലം കിസ്‌വയ്ക്ക് കേടുപാടുകള്‍ സംഭവിക്കാതിരിക്കാനാണ് ഓരോ വര്‍ഷവും ഈ ക്രമീകരണം നടത്തുന്നത്. ഇതോടൊപ്പം കഅ്ബയില്‍ പതിവായി നടത്തുന്ന വാര്‍ഷിക അറ്റകുറ്റപ്പണികളും പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചു. കഅ്ബയുടെ ഉള്‍ഭാഗം, മേല്‍ക്കൂര, പുറം ചുറ്റളവ് എന്നിവിടങ്ങളിലെ ഘടനാപരമായ പരിശോധനകള്‍ നടത്തി. ഹിജ്ര്‍ ഇസ്മാഈല്‍ ഭാഗത്തും ആവശ്യമായ പരിപാലന ജോലികള്‍ നടന്നു.
മാര്‍ബിള്‍ ജോയിന്റുകളിലെ വിടവുകള്‍ നികത്തുകയും കേടായ സിലിക്കണ്‍ ഭാഗങ്ങള്‍ മാറ്റിസ്ഥാപിക്കുകയും ചെയ്തു. കഅ്ബയുടെ വാതില്‍ ഭാഗം ഉള്‍പ്പെടെ ചുറ്റുമുള്ള മാര്‍ബിള്‍ തറകള്‍ പോളിഷ് ചെയ്ത് മിനുക്കുകയും ചെയ്തു. തീര്‍ത്ഥാടകരുടെ സഞ്ചാരത്തിന് തടസ്സമുണ്ടാകാതെയാണ് മുഴുവന്‍ ജോലികളും പൂര്‍ത്തിയാക്കിയതെന്ന് ഇരുഹറം പരിപാലന അതോറിറ്റി വ്യക്തമാക്കി. ഹജ്ജ് സീസണില്‍ കഅ്ബക്ക് മികച്ച പരിപാലനവും സുരക്ഷയും ഉറപ്പാക്കുക എന്നതാണ് നടപടികളുടെ ലക്ഷ്യമെന്നും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.