സ്‌കൂളില്‍ ഉച്ചഭക്ഷണനിലവാരം പരിശോധിക്കാനെത്തിയ മന്ത്രിയ്ക്ക് വിളമ്പിയ ഭക്ഷണത്തില്‍ തലമുടി

ശുചീകരണം മെച്ചപ്പെടണമെന്നായിരുന്നു ഭക്ഷ്യമന്ത്രിയുടെ പ്രതികരണം

Update: 2022-06-07 08:58 GMT

തിരുവനന്തപുരം: കോട്ടണ്‍ഹില്‍ സ്‌കൂളില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ മന്ത്രിക്ക് വിളമ്പിയ ഉച്ചഭക്ഷണത്തില്‍ തലമുടി. കുട്ടികള്‍ക്ക് ഉച്ചഭക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ട പരിശോധനകള്‍ക്കായി മന്ത്രി ജിആര്‍ അനില്‍ ഇന്ന് ഉച്ചയ്ക്ക് കോട്ടണ്‍ഹില്‍ സ്‌കൂള്‍ സന്ദര്‍ശിച്ചിരുന്നു. പാചകപ്പുര സന്ദര്‍ശിച്ച ശേഷം അദ്ദേഹം കുട്ടികള്‍ക്കൊപ്പം ഭക്ഷണം കഴിക്കാനിരുന്നു. കുട്ടികളുമായി കുശലം പറഞ്ഞ് ഭക്ഷണം കഴിക്കുന്നതിനിടെയാണ് പാത്രത്തില്‍ നിന്ന് തലമുടി കിട്ടിയത്. മുടി കളഞ്ഞ് ഭക്ഷണം നീക്കിവച്ച മന്ത്രിക്ക് മുന്നിലേക്ക് പുതിയ പാത്രത്തില്‍ സ്‌കൂള്‍ അധികൃതര്‍ ചോറും കറികളും എത്തിച്ചു.

ഭക്ഷണത്തില്‍ നിന്നും തലമുടി കിട്ടിയതുമായി ബന്ധപ്പെട്ട ചോദ്യത്തോട് ശുചീകരണം മെച്ചപ്പെടണം എന്നായിരുന്നു ഭക്ഷ്യമന്ത്രിയുടെ പ്രതികരണം. ഒറ്റപ്പെട്ട സംഭവമായി കണ്ടാല്‍ മതി. കോട്ടണ്‍ഹില്‍ എല്‍പി സ്‌കൂള്‍ ഉള്‍പ്പെടെ പല വിദ്യാലയങ്ങളിലും പാചക, ശുചീകരണ തൊഴിലാളികളുടെ കുറവുണ്ടെന്ന് മന്ത്രി പറഞ്ഞു. സ്ഥല പരിമിതി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണേണ്ടതുണ്ടെന്നും ജിആര്‍ അനില്‍ വ്യക്തമാക്കി. മികച്ച ഭക്ഷണമാണ് കുട്ടികള്‍ക്ക് നല്‍കുന്നതെന്നു മന്ത്രി പറഞ്ഞു.

സംസ്ഥാനത്തെ സ്‌കൂളുകളില്‍ വിതരണം ചെയ്യുന്ന ഉച്ചഭക്ഷണത്തിന്റെ ഗുണമേന്മ ഉറപ്പുവരുത്താന്‍ സന്ദര്‍ശനം തുടരുമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു. വിദ്യാലയങ്ങള്‍ക്കുള്ള സന്ദേശമാണ് സന്ദര്‍ശനം. ഇന്നലെ കോഴിക്കോട് ജില്ലയില്‍ മന്ത്രി എത്തിയിരുന്നു. കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണവും കഴിച്ചു. സംസ്ഥാനത്തെ ചില വിദ്യാലയങ്ങളില്‍ ഭക്ഷ്യവിഷബാധ ഉണ്ടായതിനെ തുടര്‍ന്നാണ് മന്ത്രിമാരുടെ നേതൃത്വത്തിലുള്ള സംഘം സ്‌കൂളുകളില്‍ നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്തുന്നത്. 

Tags: