വനമേഖലകളില്‍ ആവാസ വ്യവസ്ഥ നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കും; ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കുമെന്നും മുഖ്യമന്ത്രി

Update: 2021-10-03 09:27 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ വനമേഖലകളില്‍ സ്വാഭാവിക ആവാസ വ്യവസ്ഥ നിലനിര്‍ത്താനുള്ള പ്രവര്‍ത്തനങ്ങള്‍ സജീവമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച വന്യജീവി വാരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

വനത്തിന്റെ സ്വാഭാവിക ആവാസവ്യവസ്ഥ നിലനിര്‍ത്തി വന്യജീവികള്‍ക്ക് വിട്ടുനല്‍കുകയും മനുഷ്യരുടെ ആവാസവ്യവസ്ഥ കൃത്യമായി പരിപാലിക്കുകയും ചെയ്യുന്നതിലൂടെ വന്യമൃഗങ്ങള്‍ നാട്ടിലേക്കിറങ്ങി കൃഷിയിടങ്ങളും മറ്റും നശിപ്പിക്കുന്ന അവസ്ഥ കുറയ്ക്കാനാകും. വനവിഭവങ്ങളുടെ കുറവാണ് വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങാന്‍ കാരണമാകുന്നത്. ഇത് നേരിടുന്നതിനായി സര്‍ക്കാര്‍ പദ്ധതികള്‍ നടപ്പിലാക്കി വരികയാണ്. വനഭൂമിയില്‍ നട്ടുവളര്‍ത്തിയിട്ടുള്ള യൂക്കാലിപ്‌സ്, അക്കേഷ്യ പോലുള്ള വൃക്ഷങ്ങള്‍ ഘട്ടംഘട്ടമായി മുറിച്ചുമാറ്റി ഫലവൃക്ഷങ്ങള്‍ ഉള്‍പ്പെടുന്ന സ്വാഭാവിക വനം സൃഷ്ടിക്കാനുള്ള പദ്ധതി നടക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു. 

തദ്ദേശീയരും ജനപ്രതിനിധികളും വനംവകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന 204 ജനജാഗ്രതാസമിതികള്‍ സംസ്ഥാനത്ത് രൂപീകരിച്ചിട്ടുണ്ട്. കര്‍ഷക സംഘടനകള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവരില്‍ നിന്നും അഭിപ്രായങ്ങള്‍ സ്വീകരിച്ച് പദ്ധതി കാര്യക്ഷമമായി മുന്നോട്ടുകൊണ്ടുപോകും. വന്യമൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ പ്രദേശത്തിന് അനുയോജ്യമായ രീതിയില്‍ സൗരോര്‍ജ്ജ കമ്പിവേലി, റെയില്‍വേലി, ആനമതില്‍, കിടങ്ങുകള്‍, ക്രാഷ്ഗാര്‍ഡ്, റോപ്‌ഫെന്‍സിങ് തുടങ്ങിയവ നിര്‍മ്മിച്ച് കഴിഞ്ഞു. ഒപ്പം കരിമ്പന മതില്‍ പോലുള്ള നവീന ജൈവപ്രതിരോധങ്ങളും നടപ്പിലാക്കി വരികയാണ്. 

കാട്ടാന പ്രശ്‌നം രൂക്ഷമായ പാലക്കാട്, വയനാട് ജില്ലകളില്‍ കാട്ടാനകളെ തിരിച്ചയക്കുന്നതിന് കുങ്കിയാന സ്‌ക്വാര്‍ഡുകള്‍ പ്രവര്‍ത്തിച്ചു വരുന്നുണ്ട്. കാട്ടാനകളെ റേഡിയോകോളര്‍ ഘടിപ്പിച്ച് സഞ്ചാരപഥം നിരീക്ഷിച്ച് വനാതിര്‍ത്തിയിലെ താമസക്കാര്‍ക്ക് മുന്നറിയിപ്പ് കൊടുക്കുന്നതിനുള്ള സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉള്‍വനങ്ങളില്‍ താമസിക്കുന്നവരില്‍ നിന്നും സ്വയം സന്നദ്ധരായവരെ വനത്തിന് പുറത്ത് പുനഃരധിവസിപ്പിക്കുന്നതിനുള്ള പദ്ധതിയും നടപ്പാക്കുന്നുണ്ട്. വയനാട്ടില്‍ ഇതിനോടകം 382 കുടുംബങ്ങളെ പുനരധിവസിപ്പിച്ചു.

കൃഷി നശിപ്പിക്കുന്ന കാട്ടുപന്നികളെ വെടിവെക്കാന്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കും തോക്ക് കൈകാര്യം ചെയ്യാന്‍ അധികാരമുള്ള ഉദ്യോഗസ്ഥര്‍ക്കും ലൈസന്‍സുള്ള നാട്ടുകാര്‍ക്കും അധികാരം നല്‍കിയിട്ടുണ്ട്. പാമ്പുകളുടെ സംരക്ഷണത്തിന് ജനങ്ങളുടെ സുരക്ഷക്കുമായി സര്‍പ്പ മൊബൈല്‍ അപ്ലിക്കേഷന്‍ തയ്യാറായി. വനംവകുപ്പ് സര്‍ട്ടിഫിക്കേഷന്‍ നല്‍കിയ റെസ്‌ക്യൂ പ്രവര്‍ത്തകര്‍ ഇതിനോടകം സര്‍പ്പ അപ്ലിക്കേഷനില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.