എച്ച്1ബി വിസ; നിലപാട് മയപ്പെടുത്തി ട്രംപ്

Update: 2025-11-12 07:09 GMT

വാഷിങ്ടണ്‍: എച്ച്1ബി വിസയില്‍ നിലപാട് മയപ്പെടുത്തി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയ്ക്ക് കഴിവുകള്‍ ആവശ്യമാണെന്നും തൊഴിലില്ലാത്തവരെ മാത്രം ആശ്രയിക്കാന്‍ കഴിയില്ലെന്നും പറഞ്ഞ ട്രംപ് രാജ്യത്തിന് വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികളെ ആവശ്യമാണെന്ന് വ്യക്തമാക്കി.

തൊഴിലില്ലാത്ത വ്യക്തികളെ മാത്രം ആശ്രയിച്ച് അമേരിക്കയ്ക്ക് വ്യവസായവും സാങ്കേതികവിദ്യയും മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയില്ലെന്ന് ട്രംപ് പറഞ്ഞു. വ്യവസായങ്ങളിലും പ്രതിരോധത്തിലും വൈദഗ്ധ്യമുള്ള ആളുകളെ യുഎസിന് ആവശ്യമാണ്. അമേരിക്കന്‍ തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നു. പക്ഷേ കഴിവുകള്‍ ആവശ്യമാണ്. ലോകത്ത് അമേരിക്കയെ മുന്നില്‍ നിര്‍ത്താന്‍ ഇത് അത്യന്താപേക്ഷിതമാണെന്നും ട്രംപ് കൂട്ടിചേര്‍ത്തു.

എച്ച്1ബി പ്രോഗ്രാം പുനപ്പരിശോധിക്കാനുള്ള ട്രംപിന്റെ നീക്കം വിദേശ തൊഴിലാളികള്‍ക്കിടയില്‍, പ്രത്യേകിച്ച് എച്ച്-1ബി വിസ ഉടമകളില്‍ ഭൂരിഭാഗവും ഉള്‍പ്പെടുന്ന ഇന്ത്യക്കാരില്‍, അനിശ്ചിതത്വവും പരിഭ്രാന്തിയും സൃഷ്ടിച്ചിരുന്നു.

എച്ച്1ബി വിസ അപേക്ഷകള്‍ക്ക് ഒരു ലക്ഷം യുഎസ് ഡോളര്‍ (88 ലക്ഷത്തിലേറെ രൂപ) ഏര്‍പ്പെടുത്തിയ ട്രംപിന്റെ നിലപാടിനെ ചോദ്യം ചെയ്ത് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. മതവിഭാഗങ്ങളും സര്‍വകലാശാല പ്രൊഫസര്‍മാരും അടക്കമുള്ളവരാണ് സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഫെഡറല്‍ കോടതിയില്‍ ഹര്‍ജി നല്‍കിയത്. ട്രംപിന്റെ പ്രഖ്യാപനത്തെ ചോദ്യം ചെയ്തുള്ള ആദ്യ ഹര്‍ജിയാണിത്. വിസ പദ്ധതിയുമായി ബന്ധപ്പെട്ട് മാറ്റം വരുത്താന്‍ ട്രംപിന് അധികാരമില്ലെന്നും യുഎസ് ഭരണഘടന പ്രകാരം അധികാരം കോണ്‍ഗ്രസില്‍ നിക്ഷിപ്തമാണെന്നുമാണ് ഹരജിയില്‍ പറയുന്നത്.

Tags: