എച്ച്1ബി വിസ; ട്രംപിന്റെ നിലപാടിനെ ചോദ്യം ചെയ്ത് ഹരജി

Update: 2025-10-04 05:13 GMT

വാഷിങ്ടണ്‍: എച്ച്1ബി വിസ അപേക്ഷകള്‍ക്ക് ഒരു ലക്ഷം യുഎസ് ഡോളര്‍ (88 ലക്ഷത്തിലേറെ രൂപ) ഏര്‍പ്പെടുത്തിയ ട്രംപിന്റെ നിലപാടിനെ ചോദ്യം ചെയ്ത് ഹരജി .മതവിഭാഗങ്ങളും സര്‍വകലാശാല പ്രൊഫസര്‍മാരും അടക്കമുള്ളവരാണ് സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഫെഡറല്‍ കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. ട്രംപിന്റെ പ്രഖ്യാപനത്തെ ചോദ്യം ചെയ്തുള്ള ആദ്യ ഹര്‍ജിയാണിത്.

വിസ പദ്ധതിയുമായി ബന്ധപ്പെട്ട് മാറ്റം വരുത്താന്‍ ട്രംപിന് അധികാരമില്ലെന്നും യുഎസ് ഭരണഘടന പ്രകാരം അധികാരം കോണ്‍ഗ്രസില്‍ നിക്ഷിപ്തമാണെന്നുമാണ് ഹരജിയില്‍ പറയുന്നത്.എച്ച്1ബി വിസ അപേക്ഷകള്‍ക്ക് ഒരു ലക്ഷം യുഎസ് ഡോളര്‍ ചുമത്തുന്നത് തൊഴിലുടമകളെയും തൊഴിലാളികളെയും ഫെഡറല്‍ ഏജന്‍സികളെയും കുഴപ്പത്തിലാക്കുന്നതാണെന്നും ഹരജിയില്‍ പറയുന്നു.

അതേസമയം, എച്ച്1ബി പ്രോഗ്രാം പുനപ്പരിശോധിക്കാനുള്ള ട്രംപിന്റെ നീക്കം വിദേശ തൊഴിലാളികള്‍ക്കിടയില്‍, പ്രത്യേകിച്ച് എച്ച്-1ബി വിസ ഉടമകളില്‍ ഭൂരിഭാഗവും ഉള്‍പ്പെടുന്ന ഇന്ത്യക്കാരില്‍, അനിശ്ചിതത്വവും പരിഭ്രാന്തിയും സൃഷ്ടിച്ചിരുന്നു.

Tags: