എച്ച് 1ബി വിസ ഫീസ് കുത്തനെ ഉയര്‍ന്നു; പ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലേക്ക് മാറ്റാന്‍ അമേരിക്കന്‍ കമ്പനികള്‍

Update: 2025-10-01 05:06 GMT

മുംബൈ: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് എച്ച് 1ബി വിസയുടെ ഫീസ് നിലവിലെ 5,000 ഡോളറില്‍ നിന്ന് ഒരു ലക്ഷം ഡോളറായി ഉയര്‍ത്തിയതോടെ അമേരിക്കന്‍ കമ്പനികള്‍ പ്രവര്‍ത്തനങ്ങളുടെ വലിയൊരു ഭാഗം ഇന്ത്യയിലേക്ക് മാറ്റാന്‍ ആലോചിക്കുന്നു. പുതിയ വിസ അനുവദന നടപടികളില്‍ കര്‍ശന നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഇപ്പോള്‍ തന്നെ ഇന്ത്യയില്‍ 1,700ലധികം ഗ്ലോബല്‍ കേപബിലിറ്റി സെന്ററുകള്‍ (ജിസിസി) പ്രവര്‍ത്തിക്കുന്നു. കാറുകളുടെ രൂപകല്‍പന മുതല്‍ മരുന്നുകളുടെ കണ്ടെത്തല്‍ വരെ നിരവധി ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ ഇവിടെയാണ് നടക്കുന്നത്. വിസ നിയന്ത്രണങ്ങള്‍ ഇന്ത്യയെ കൂടുതല്‍ പ്രവര്‍ത്തന ഹബ്ബാക്കി മാറ്റുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

കൃത്രിമബുദ്ധിയുടെ വ്യാപക പ്രയോഗവും വിസ നിയന്ത്രണങ്ങളും തൊഴില്‍ രീതികളില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുന്നുവെന്നാണ് ഡിലോയിറ്റ് ഇന്ത്യയുടെ ജിസിസി ഇന്‍ഡസ്ട്രി പാര്‍ട്ണര്‍ രോഹന്‍ ലോബോ വ്യക്തമാക്കിയത്. സാമ്പത്തിക സേവനങ്ങളില്‍ നിന്നും ടെക്‌നോളജി മേഖലയിലേക്കും ഇതിനകം മാറ്റത്തിന് തുടക്കം കഴിഞ്ഞു.

ആമസോണ്‍, മൈക്രോസോഫ്റ്റ്, ആപ്പിള്‍, ആല്‍ഫബെറ്റ്, ജെപി മോര്‍ഗന്‍ ചേസ്, വാള്‍മാര്‍ട്ട് തുടങ്ങിയ കമ്പനികള്‍ എച്ച് 1ബി വിസയില്‍ കൂടുതലായി നിയമനം നടത്തിയവരാണ്. ഇവര്‍ക്ക് ഇന്ത്യയില്‍ തന്നെ വ്യാപക പ്രവര്‍ത്തനങ്ങള്‍ ഉള്ളതിനാല്‍ പ്രവര്‍ത്തനം ഇവിടെ വിപുലീകരിക്കാനുള്ള സാധ്യത കൂടുതലാണ്.

അതേസമയം, ജോലികള്‍ പുറംകരാറായി നല്‍കിയാല്‍ 25 ശതമാനം തീരുവ ഈടാക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്. ഇതോടെ ഇന്ത്യയുടെ ഐടി സേവന കയറ്റുമതിക്കും പ്രതിസന്ധി നേരിടേണ്ടി വരുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്.

Tags: