ഗ്യാന്‍വാപി മസ്ജിദ്; സംഘപരിവാര്‍ പരാജയം നുണയാന്‍ പോകുന്നതേയുള്ളൂ

Update: 2022-05-18 14:31 GMT

ഗ്യാന്‍വാപി മസ്ജിദാണ് സംഘപരിവാര പദ്ധതിയിലെ ഒടുവിലെ ഇനം. ബാബരി മസ്ജിദിനെ ഉപയോഗപ്പെടുത്തി തിരഞ്ഞെടുപ്പ് വിജയിച്ച അതേ തന്ത്രം തന്നെയാണ് ഗ്യാന്‍വാപി മസ്ജിദ് പ്രശ്‌നത്തില്‍ സംഘപരിവാരസംഘടനകള്‍ പയറ്റുന്നത്.

അഞ്ച് സ്ത്രീകള്‍ നല്‍കിയ ഹരജിയോടെയാണ് പ്രത്യക്ഷത്തില്‍ ഇത് തുടങ്ങുന്നതെങ്കിലും വാരാണസിയിലെ ഹിന്ദുത്വപദ്ധതിക്ക് ഇതിനേക്കാള്‍ പഴക്കമുണ്ട്. ബാബരി കഴിഞ്ഞാല്‍ കാശിയെന്നത് സംഘപരിവാരത്തിന്റെ മുദ്രാവാക്യങ്ങളിലൊന്നായിരുന്നു. അടുത്ത പൊതുതിരഞ്ഞെടുപ്പിന് ഇന്ത്യന്‍ ജനതയെ പാകമാക്കാനും നിലവില്‍ മോദിഭരണം സൃഷ്ടിച്ച ദുരന്തങ്ങളെ പുകമൂടിക്കളയാനുമാണ് ഗ്യാന്‍വാപിയിലേക്ക് കാമറക്കണ്ണുകള്‍ തുറന്നുവയ്ക്കുന്നതെന്ന് കരുതപ്പെടുന്നു. വലിയ ശതമാനത്തോളം അത് ശരിയുമാണ്.

അതേസമയം ബാബരിക്കാലത്തെ ഇന്ത്യയല്ല ഇപ്പോഴത്തെ ഇന്ത്യയെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു. ബാബരിക്കാലത്ത് ഇന്ത്യ ഹിന്ദുത്വപരീക്ഷണങ്ങളുടെ ആദ്യഘട്ടത്തിലൂടെ കടന്നുപോവുകയായിരുന്നു. ബാബരി വിവാദത്തില്‍ സംഘപരിവാര സംഘടനകളുടെ യുക്തി എത്ര ശരിയാണെന്ന് പരിശോധിക്കുക അക്കാലത്തെ ഒരു വലിയ ധൈഷണിക പദ്ധതിയായിരുന്നു. നിരവധി മതേതര ചരിത്രകാരന്മാര്‍ അതേറ്റെടുത്തു. എന്നാല്‍ ഇത്തവണ നോക്കിയാല്‍ മനസ്സിലാവുന്ന ഒരു കാര്യം അത്തരം വിശകലനങ്ങളുടെ പിറകെ പോകാന്‍ ആരുമില്ല എന്നതാണ്. സംഘപരിവാരത്തിന്റെ ഒരു പദ്ധതിയില്‍ക്കവിഞ്ഞ് അത് പരിശോധിക്കേണ്ടതില്ലെന്ന് മിക്കവരും കരുതുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അതൊരു മാറ്റമാണ്. ഹിന്ദുത്വം എല്ലാ അര്‍ത്ഥത്തിലും തുറന്നുകാട്ടപ്പെട്ടുവെന്നാണ് ഇതിനര്‍ത്ഥം.

അതേസമയം ഹിന്ദുത്വത്തോടുള്ള മുന്‍കാലത്തെ പ്രതികരണമല്ല ഇനിയുണ്ടാവാനിരിക്കുന്നത്. മുന്‍കാലത്ത് ഹിന്ദുത്വത്തെ നേരിടുന്നതില്‍ അതിന്റെ പ്രാഥമിക ഇരകളുടെ തയ്യാറെടുപ്പുകള്‍ അത്ര ശക്തമായിരുന്നില്ല. എന്നാല്‍ ഇന്ന് അതല്ല സ്ഥിതി. ന്യൂനപക്ഷങ്ങളും ദലിതരും മറ്റ് ജനാധിത്യ ശക്തികളും തയ്യാറെടുപ്പിലാണ്. തീര്‍ച്ചയായും വെല്ലുവിളി അത്ര ചെറുതല്ല, പക്ഷേ, അത്ര തന്നെ ജനാധിപത്യശക്തികളും അനുഭവങ്ങളില്‍നിന്ന് പാഠം പഠിച്ചിട്ടുണ്ട്. ജഹാംഗീര്‍പുരിയില്‍ ഒന്നു മടിച്ചെങ്കിലും തുടര്‍ന്ന് ഡല്‍ഹിയില്‍ സംഘശക്തികളുടെ ബുള്‍ഡോസര്‍ പ്രയോഗം അത്ര ഏശിയില്ല. അവര്‍ക്ക് ബുള്‍ഡോസറുകളും പോലിസ് വണ്ടികളും എടുത്തുമാറ്റേണ്ടിവന്നു.

അതേസമയം എന്ത് നെറികേടും ചെയ്യുന്ന ഹിന്ദുത്വശക്തികളെ നാം കരുതിയിരിക്കുകയും വേണം.

Tags:    

Similar News