ഗ്യാന്‍വാപി മസ്ജിദ്: നീതിക്കു വേണ്ടിയുള്ള സമരത്തെ തടങ്കല്‍ കൊണ്ട് തളര്‍ത്താനാവില്ലെന്ന് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍

Update: 2022-05-19 09:12 GMT

ന്യൂഡല്‍ഹി: ഗ്യാന്‍വാപി മസ്ജിദ് വിഷയത്തില്‍ നീതി ആവശ്യപ്പെട്ടു കൊണ്ട് ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ മഹാരാഷ്ട്ര സ്‌റ്റേറ്റ് കമ്മിറ്റി നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് സംസ്ഥാന പ്രസിഡന്റ് മൗലാന ഇര്‍ഫാന്‍ ദൗലത് നദ് വിയെയും സഹപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്ത പോലിസ് നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്നും നീതിക്കുവേണ്ടിയുള്ള സമരങ്ങളെ തടങ്കല്‍കൊണ്ട് തളര്‍ത്താനാവില്ലെന്നും ദേശീയ പ്രസിഡന്റ് മൗലാന മുഹമ്മദ് അഹമ്മദ് ബെയ്ഗ് നദ്‌വി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 

അവകാശങ്ങള്‍ക്കും നീതിക്കും ജനാധിപത്യമൂല്യങ്ങള്‍ക്കും വേണ്ടി സമാധാനപരമായി ശബ്ദമുയര്‍ത്തുന്നവരെ ഒരു കാരണവുമില്ലാതെ അറസ്റ്റ് ചെയ്യുകയും പീഡിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഐതിഹ്യങ്ങളും വ്യാജാരോപണങ്ങളുമായി രംഗത്തിറങ്ങി അക്രമം അഴിച്ചുവിടുന്നവരെ സ്വതന്ത്രമായി വിഹരിക്കാനും വിടുന്നു.ഇത് ഒരു ജനാധിപത്യ രാജ്യത്തിന് അത്യന്തം അപകടകരമാണ്, ഇത് ലജ്ജാകരമാണ്. ബാബരി മസ്ജിദ് മുതല്‍ ആരാധനാലയങ്ങള്‍ ലക്ഷ്യമിട്ട് സംഘപരിവാറിന്റെ ഗുണ്ടാസംഘങ്ങള്‍ തുടരുന്നുണ്ടെങ്കിലും വായ തുറക്കാന്‍ ബിജെപി സര്‍ക്കാര്‍ തയ്യാറായിട്ടില്ല. സത്യത്തിന്റെ ശബ്ദത്തെ ആര്‍ക്കും തടയാനാകില്ല. ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ എക്കാലവും അതിന് വേണ്ടിയാണ് നിലകൊണ്ടിട്ടുള്ളത്, അത് തുടരുക തന്നെ ചെയ്യുമെന്നും നേതാക്കള്‍ പറഞ്ഞു.

മസ്ജിദ് എന്നും മസ്ജിദ് തന്നെയായിരിക്കും. ആര്‍ക്കും അതില്‍ മാറ്റം വരുത്താന്‍ കഴിയില്ല. മസ്ജിദുകള്‍ക്ക് മേല്‍ അക്രമം പ്രവര്‍ത്തിച്ചാല്‍ മുസ് ലിംകള്‍ മൗനികളായിരിക്കുമെന്ന് ആരും വിചാരിക്കരുത്. മസ്ജിദുകള്‍ക്കു മേലുള്ള സംഘപരിവാറിന്റെ അന്യായമായ അവകാശവാദങ്ങളെ നീതിയാഗ്രഹിക്കുന്ന ജനങ്ങള്‍ തടയുക തന്നെ ചെയ്യും. രാജ്യത്തുടനീളം എല്ലാ മതങ്ങള്‍ക്കുമെതിരായ സംഘപരിവാര്‍ ഗൂഢാലോചനകളുടെ തോത് വര്‍ദ്ധിച്ചുവരുകയാണ്. അതില്‍ ബിജെപി സര്‍ക്കാര്‍ ബോധപൂര്‍വ്വമായ മൗനത്തിലുമാണ്. രാജ്യത്തുടനീളം ഇതര മതസ്ഥര്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കുമെതിരെ നടക്കുന്ന നീക്കങ്ങള്‍ എല്ലാം തന്നെ ബിജെപി സര്‍ക്കാരിന്റെ പിന്തുണയോടെയാണ്. ഗ്യാന്‍വാപി മസ്ജിദിന്റെ കാര്യത്തില്‍ വിധി പറയാനുള്ള കോടതിയുടെ തിടുക്കം മാത്രം മതി ഇതെല്ലാം ആരുടെ ഇച്ഛയിലാണ് നടക്കുന്നതെന്ന് മനസ്സിലാക്കാന്‍. ആരാധനാലയങ്ങള്‍ക്കെതിരെയുള്ള ഭീഷണിയും ഗൂഢാലോചനയുമാണ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രധാന അജണ്ടയായി മാറിയിരിക്കുന്നത്. അടിച്ചമര്‍ത്തപ്പെട്ടവരെ അന്യായമായി തടവിലാക്കുന്നതും പീഡകരെ സ്വാതന്ത്രമായി വിഹരിക്കാന്‍ വിടുന്നതും ബിജെപിയുടെ രീതിയായി മാറിയിരിക്കുന്നു. ഈ പശ്ചാത്തലത്തില്‍ ഫാഷിസ്റ്റ് ശക്തികളെ തടയുകയും കോടതികളുടെയും ഭരണത്തിന്റെയും അധികാരങ്ങള്‍ സംരക്ഷിക്കുന്നതിനും എല്ലാ വിഭാഗം ജനങ്ങളും രംഗത്തുവരേണ്ടതുണ്ട്. 

1937ല്‍ ദിന്‍ മുഹമ്മദ് വേഴ്‌സസ് സ്‌റ്റേറ്റ് സെക്രട്ടറി കേസില്‍ കോടതി, വാക്കാലുള്ള തെളിവുകളുടെയും രേഖകളുടെയും വെളിച്ചത്തില്‍, ഗ്യാന്‍വാപിയുടെ മുഴുവന്‍ പരിസരവും മുസ് ലിം വഖഫിന്റേതാണെന്നും മുസ് ലിംകള്‍ക്ക് നല്‍കാനുള്ള അവകാശമുണ്ടെന്നും നിഗമനം ചെയ്തതായി ചരിത്രവസ്തുതകള്‍ കാണിക്കുന്നു. അതില്‍ പ്രാര്‍ത്ഥനകള്‍ പൂര്‍ണമായും അനുവദിച്ചിരുന്നു. 1991ല്‍ പാര്‍ലമെന്റ് പാസാക്കിയ ആരാധനാലയ നിയമം 1991 പ്രകാരം ഇത്തരം കേസുകളില്‍ കോടതിക്ക് ഇടപെടാന്‍ അവകാശമില്ല. അതുകൊണ്ടാണ് ഈ അനീതിക്കെതിരെ ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ രാജ്യത്തുടനീളം ജനാധിപത്യപരമായി പ്രതിഷേധിക്കുന്നത്. വുദുഘാനയിലെ ഫൗണ്ടന്‍ ശിവലിംഗം ആണെന്ന് ആരോപിച്ച് മസ്ജിദിനുമേല്‍ അവകാശവാദം ഉന്നയിച്ച് പ്രശ്‌നം ഉണ്ടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

Tags: