'ഗ്യാന്‍വാപി, മലബാര്‍ സമരം...': തേജസ് ബുക്‌സിന്റെ മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം മഞ്ചേരിയില്‍
കോഴിക്കോട്: ചരിത്രത്തിലേക്ക് വെളിച്ചംവീശുന്ന രണ്ട് പുസ്തകങ്ങളും മുസ് ലിം ശാക്തീകരണത്തെക്കുറിച്ചുള്ള മറ്റൊരു പുസ്തകവുമായി തേജസ് ബുക്‌സ്. പിഎഎം ഹാരിസ്, സി അബ്ദുല്‍ ഹമീദ്, ഇ എം അബ്ദുറഹ്മാന്‍ എന്നിവരുടെ ഓരോ പുസ്തകങ്ങളാണ് ഈ ആഴ്ച പ്രകാശനം ചെയ്യുന്നത്.
മലയാളത്തില്‍ ബാബരി മസ്ജിദ് ചരിത്രമെഴുതിയ പിഎഎം ഹാരിസ്, മലബാര്‍സമരചരിത്രകാരന്‍ സി അബ്ദുല്‍ ഹമീദ് എന്നിവരുടെ പുതിയ രണ്ടു കൃതികള്‍ പ്രകാശനം ചെയ്യുന്നു. സംഘപരിവാരം ആസൂത്രിത നീക്കങ്ങളിലൂടെ വിവാദത്തിലേക്ക് വലിച്ചിഴച്ചു കൊണ്ടുവരുന്ന കാശി ഗ്യാന്‍വാപി മസ്ജിദിന്റെയും മഥുര ഈദ്ഗാഹ് മസ്ജിദിന്റെയും ചരിത്രവസ്തുതകള്‍ വിശകലനം ചെയ്യുന്ന പഠനമാണ് പിഎഎം ഹാരിസിന്റെ 'കാശി ഗ്യാന്‍വാപി, മഥുര ഈദ്ഗാഹ് മസ്ജിദ്: വിവാദങ്ങളും വസ്തുതകളും' എന്ന കൃതി. ദേശീയ തലത്തില്‍ തന്നെ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യംവച്ച് സംഘപരിവാരം മലബാര്‍സമരത്തെക്കുറിച്ച് പടച്ചുവിടുന്ന നുണക്കഥകള്‍ക്ക് ചരിത്രസത്യങ്ങള്‍ കൊണ്ട് പ്രതിരോധം തീര്‍ക്കുന്ന കൃതിയാണ് സി അബ്ദുല്‍ ഹമീദിന്റെ ദി സാഗ ഓഫ് മാപ്പിള റിവോള്‍ട്ട് എന്ന ഇംഗ്ലീഷ് ഗ്രന്ഥം. കന്നഡ, തമിഴ്, ഉര്‍ദു, ബംഗ്ലാ ഭാഷകളിലും താമസംവിനാ ഈ കൃതിയുടെ പരിഭാഷ പ്രസിദ്ധീകൃതമാവുമെന്ന് പ്രതീക്ഷിക്കുന്നത്.
ഇ എം അബ്ദുറഹ്മാന്‍ രചിച്ച 'മുസ്‌ലിം ശാക്തീകരണം' എന്ന കൃതി പാര്‍ശ്വവല്‍കൃത സമൂഹമായ ഇന്ത്യമുസ്‌ലിംകള്‍ക്ക് അതിജീവനത്തിന്റെയും ശാക്തീകരണത്തിന്റെയും മാര്‍ഗഭൂപടം വരച്ചുകാട്ടുന്ന ചിന്തകളും പ്രായോഗിക നിര്‍ദേശങ്ങളും അടങ്ങുന്ന പരിഷ്‌കരിച്ച പതിപ്പാണ്.
മൂന്നു പുസ്തകങ്ങളുടെയും പ്രകാശനകര്‍മം മഞ്ചേരിയിലെ സഭാഹാളില്‍ സെപ്തംബര്‍ 14 ബുധനാഴ്ച 4 മണിക്ക് നടക്കും. ഒ അബ്ദ്ുല്ല, നാസറുദ്ദീന്‍ എളമരം, എ സജീവന്‍, ഡോ. ജമീല്‍ അഹ്മദ്, റഹ്മാന്‍ കിടങ്ങയം, ഡോ. അഷ്‌റഫ് കല്‍പ്പറ്റ, പിഎഎം ഹാരിസ്, സി അബ്ദുല്‍ ഹമീദ് എന്നിവര്‍ പങ്കെടുക്കും.
