22 ജീവനക്കാര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവ്; ഗുരുവായൂര്‍ ക്ഷേത്രം അടച്ചു

Update: 2020-12-12 06:43 GMT

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വത്തിലെ 153 ജീവനക്കാര്‍ക്ക് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 22 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഗുരുവായൂര്‍ ക്ഷേത്രം രണ്ടാഴ്ചത്തേക്ക് അടച്ചു.ഗുരുവായൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട് കൊവിഡ് ബാധിച്ചവരുടെ എണ്ണം 45 ആയി. ഗുരുവായൂര്‍ ദേവസ്വത്തിലെ ജീവനക്കാരില്‍ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജില്ലാ കളക്ടറുടെയും ജില്ല മെഡിക്കല്‍ ഓഫീസറുടെയും നിര്‍ദേശ പ്രകാരമാണ് ആ ന്റിജന്‍ പരിശോധന നടത്തിയത്.

ദേവസ്വത്തിലെ പാരമ്പര്യക്കാര്‍, താല്‍കാലിക ജീവനക്കാര്‍, കാവല്‍ക്കാര്‍, ഉദ്യോഗസ്ഥര്‍ അടക്കം മുവായിരത്തോളം പേരാണുള്ളത്. ഇവര്‍ക്കെല്ലാം പരിശോധന നടത്താനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാവിലെ ദേവസ്വം മെഡിക്കല്‍ സെന്ററിലാണ് പരിശോധന നടത്തിയത്. ഒന്‍പത് സെക്യൂരിറ്റി ജീവനക്കാര്‍, മൂന്ന് കീഴ്ശാന്തിമാര്‍, രണ്ട് വാച്ച്മാന്‍, മൂന്ന് കലവറ പ്രവര്‍ത്തിക്കാര്‍, കൗസ്തുഭം ഗസ്റ്റ്ഹൗസിലെ ക്ലര്‍ക്ക് എന്നിവര്‍ക്കും വിളക്ക്തുട പ്രവൃത്തിയിലുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സെക്യൂരിറ്റി ജീവനക്കാരില്‍ ഒമ്പത് പേരും ക്ഷേത്രത്തിന് പുറത്ത് ഡ്യൂട്ടിയിലുള്ളവരാണ്. ഇതോടെ ജില്ലാ ഭരണകൂടം ക്ഷേത്രനഗരത്തിന് ചുറ്റുമുള്ള പ്രദേശങ്ങളെ നിയന്ത്രണ മേഖലയായി പ്രഖ്യാപിച്ചു.