ഗുരുവായൂരിലെ മുഴുവന്‍ റോഡുകളുടെയും അറ്റകുറ്റപ്പണികള്‍ മെയ് 15 നകം പൂര്‍ത്തീകരിക്കും
തൃശൂര്‍: ഗുരുവായൂര്‍ മണ്ഡലത്തിലെ മുഴുവന്‍ റോഡുകളുടെയും നിര്‍മ്മാണവും അറ്റകുറ്റപ്പണിയും മെയ് 15ന് മുമ്പായി
പൂര്‍ത്തീകരിക്കാന്‍ തീരുമാനം. എന്‍ കെ അക്ബര്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുമരാമത്ത് പ്രവര്‍ത്തികളുടെ ഗുരുവായൂര്‍ മണ്ഡല മോണിറ്ററിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
ചാവക്കാട്-കുന്നംകുളം റോഡ്, മാവിന്‍ ചുവട് റോഡ്, ചാവക്കാട് ബ്ലാങ്ങാട് റോഡ്, ബേബി ബീച്ച് റോഡ് തുടങ്ങിയവയുടെ നിര്‍മ്മാണം അടിയന്തിരമായി തുടങ്ങും. ചിങ്ങനാത്ത് കടവ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും സര്‍വ്വേ അടിയന്തിരമായി പൂര്‍ത്തീകരിച്ച് നിര്‍മ്മാണം ആരംഭിക്കും. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പായി പുത്തന്‍കടപ്പുറം, ബ്ലാങ്ങാട്, കടിക്കാട്, ചാവക്കാട് സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിക്കാനും തീരുമാനമായി. കിഫ്ബി അനുമതിയോടെ അണ്ടത്തോട് രജിസ്ട്രാര്‍ ഓഫീസിന്റെ നിര്‍മ്മാണവും സൈക്ലോണ്‍ ഷെല്‍റ്ററിന്റെ നിര്‍മ്മാണവും അടിയന്തിരമായി ആരംഭിക്കാനും യോഗം തീരുമാനിച്ചു.
പൊതുമരാമത്ത് റോഡ് വിഭാഗം എക്‌സി. എന്‍ജിനിയര്‍ ഹരീഷ്, പൊതുമരാമത്ത് കെട്ടിട വിഭാഗം എക്‌സി.എന്‍ജിനീയര്‍ ബിജി, കിഫ്ബി എക്‌സി. എന്‍ജിനീയര്‍ മനീഷ, പൊതുമരാമത്തിലെയും വാട്ടര്‍ അതോറിറ്റിയിലെയും അസി.എക്‌സി എന്‍ജിനിയര്‍മാര്‍, അസി.എന്‍ജിനീയര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍
പങ്കെടുത്തു.