ഗുരുവായൂരില്‍ കൊള്ളപ്പലിശയെ തുടര്‍ന്ന് വ്യാപാരി ജീവനൊടുക്കിയ സംഭവം; പലിശക്കാര്‍ക്കെതിരേ കേസെടുത്ത് പോലിസ്
തൃശൂര്‍: ഗുരുവായൂരില്‍ കൊള്ളപ്പലിശയെ തുടര്‍ന്ന് വ്യാപാരി ജീവനൊടുക്കിയ സംഭവത്തില്‍ പലിശക്കാര്‍ക്കെതിരേ ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തി കേസെടുത്ത് പോലിസ്. നെന്മിണി സ്വദേശി പ്രഹ്‌ളേഷ് , കണ്ടാണിശ്ശേരി സ്വദേശി വിവേക് ദാസ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഗുരുവായൂര്‍ ടെംമ്പിള്‍ പൊലീസാണ് കേസെടുത്തത്. നിലവില്‍ ഇരുവരും ഒളിവിലാണെന്നാണ് സൂചന. പ്രതികളുടെ വീടുകളില്‍ പോലിസ് പരിശോധന നടത്തും.
കൊള്ള പലിശക്കാരുടെ ഭീഷണിയെ തുടര്‍ന്നാണ് ഗുരുവായൂര്‍ സ്വദേശി മുസ്തഫ ജീവനൊടുക്കിയത്. ഈ മാസം പത്തിനായിരുന്നു സംഭവം. 6 ലക്ഷം രൂപ കടമെടുത്ത മുസ്തഫ 40 ലക്ഷം രൂപ തിരികെ നല്‍കിയിട്ടും പലിശക്കാര്‍ പണം ആവശ്യപ്പെട്ടുകൊണ്ട് ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതേ തുടര്‍ന്നുള്ള മനോവിഷമത്തിലാണ് മുസ്തഫ ജീവനൊടുക്കിയത്. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് പണം പലിശയ്ക്കു നല്‍കിയതിനുശേഷം, ഗുണ്ടാസംഘം ഭീഷണി സന്ദേശങ്ങള്‍ അയക്കുന്നുണ്ടെന്ന റിപോര്‍ട്ടുകളും തെളിവുകളും പോലിസിനു ലഭിച്ചു.