ഗള്‍ഫ് പ്രതിസന്ധി: അനുരജ്ഞന ശ്രമങ്ങളെ പ്രശംസിച്ച് യുഎഇയും ഈജിപ്തും

'ഗള്‍ഫില്‍ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള കുവൈത്തിന്റെയും അമേരിക്കയുടെയും ശ്രമങ്ങളെ യുഎഇ അഭിനന്ദിക്കുന്നു, 'ഗാര്‍ഗാഷ് ട്വിറ്ററില്‍ കുറിച്ചു.

Update: 2020-12-08 17:08 GMT

റിയാദ്: ഖത്തറുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഉപരോധം അവസാനിപ്പിക്കാനുമുള്ള സൗദി അറേബ്യയുടെയും ഖത്തറിന്റെയും ശ്രമങ്ങളെ പ്രശംസിച്ച് യുഎഇയും ഈജിപ്തും. ഗള്‍ഫ് അറബ് ഐക്യം ശക്തിപ്പെടുത്തുന്നതിന് കുവൈത്തും അമേരിക്കയും നടത്തിയ ശ്രമങ്ങളെ അഭിനന്ദിക്കുന്നുവെന്ന് യുഎഇ സഹമന്ത്രി പറഞ്ഞു. സൗദി അറേബ്യ, യുഎഇ, ബഹ്‌റൈന്‍, ഈജിപ്ത് എന്നീ രാജ്യങ്ങള്‍ 2017 പകുതി മുതല്‍ ഖത്തറുമായുള്ള നയതന്ത്ര, വാണിജ്യ, യാത്രാ ബന്ധം വിച്ഛേദിച്ചിരിക്കുകയാണ്.


സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് യുഎഇ നടത്തിയ ആദ്യ പൊതു പ്രതികരണത്തില്‍, വിദേശകാര്യ സഹമന്ത്രി അന്‍വര്‍ ഗര്‍ഗാഷും സൗദി അറേബ്യ നടത്തിയ നല്ല ശ്രമങ്ങളെ പ്രശംസിച്ചു. വിജയകരമായ ഗള്‍ഫ് അറബ് ഉച്ചകോടി പ്രതീക്ഷിക്കുന്നുവെന്നും അത് ഈ മാസം നടക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ഗള്‍ഫില്‍ ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള കുവൈത്തിന്റെയും അമേരിക്കയുടെയും ശ്രമങ്ങളെ യുഎഇ അഭിനന്ദിക്കുന്നു, 'ഗാര്‍ഗാഷ് ട്വിറ്ററില്‍ കുറിച്ചു.


ഈജിപ്ത് വിദേശകാര്യ മന്ത്രാലയവും പുതിയ സംഭവവികാസങ്ങളെ സ്വാഗതം ചെയ്തു. 'ഈ പ്രശംസനീയമായ ശ്രമങ്ങള്‍ പ്രതിസന്ധിയുടെ സമഗ്രമായ പരിഹാരത്തിന് കാരണമാകുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു, ഒപ്പം അംഗീകരിക്കപ്പെടുന്ന കാര്യങ്ങളില്‍ കര്‍ശനവും ഗൗരവപൂര്‍ണവുമായ പ്രതിബദ്ധത ഉറപ്പ് നല്‍കുന്നു. ' വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. കുവൈത്തിലെയും സൗദി അറേബ്യയിലെയും വിദേശകാര്യ മന്ത്രിമാര്‍ സമീപകാല പുരോഗതിയെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ നല്‍കിയിട്ടില്ല, എന്നാല്‍ താല്‍ക്കാലിക കരാര്‍ ഉണ്ടാക്കിയതായും ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ ഒപ്പുവെക്കുമെന്നും സൂചനയുണ്ട്.




Tags: