മതപരിവര്‍ത്തനം ആരോപിച്ച് വഡോദരയില്‍ മദര്‍ തെരേസ സ്ഥാപിച്ച അഗതി മന്ദിരത്തിനെതിരേ കേസെടുത്ത് ഗുജറാത്ത് പോലിസ്

ഹിന്ദു വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നെന്നും ചെറുപ്പക്കാരായ പെണ്‍കുട്ടികളെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നെന്നും ആരോപിച്ചാണ് കേസെടുത്തിരിക്കുന്നത്

Update: 2021-12-14 06:46 GMT

വഡോദര: മതപരിവര്‍ത്തനം ആരോപിച്ച് മദര്‍ തെരേസ സ്ഥാപിച്ച അഗതി മന്ദിരത്തിനെതിരേ കേസെടുത്ത് ഗുജറാത്ത് പോലിസ്. വഡോദരയിലെ മിഷണറീസ് ഓഫ് ചാരിറ്റി എന്ന അഗതി മന്ദിരത്തിനെതിരേയാണ് കേസ്. മകര്‍പുര പോലിസ് സ്‌റ്റേഷനിലാണ് സ്ഥാപനത്തിനെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.

ഹിന്ദു വിശ്വാസങ്ങളെ വ്രണപ്പെടുത്തുന്നെന്നും ചെറുപ്പക്കാരായ പെണ്‍കുട്ടികളെ ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നെന്നും പരാതിയില്‍ പറയുന്നു. ഡിസ്ട്രിക്ട് സോഷ്യല്‍ ഡിഫന്‍സ് ഓഫീസറായ മായങ്ക് ത്രിവേദിയാണ് പരാതി നല്‍കിയത്. ഇദ്ദേഹവും ജില്ലാ ശിശു ക്ഷേമകമ്മറ്റി ചെയര്‍മാനും പെണ്‍കുട്ടികള്‍ക്കുള്ള അഗതി മന്ദിരങ്ങളില്‍ ഡിസംബര്‍ 9 ന് സന്ദര്‍ശനം നടത്തിയിരുന്നു. ഈ സന്ദര്‍ശനത്തില്‍ ഈ വീടുകളിലെ പെണ്‍കുട്ടികളെക്കൊണ്ട് നിര്‍ബന്ധിച്ച് ക്രിസ്ത്യന്‍ മതഗ്രന്ഥങ്ങള്‍ വായിപ്പിക്കുന്നതും പ്രാര്‍ത്ഥനയില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കുന്നതും ശ്രദ്ധയില്‍ പെട്ടതായി പരാതിയില്‍ പറയുന്നു.

പെണ്‍കുട്ടികളുടെ കഴുത്തില്‍ കുരിശുമാലകള്‍ ശ്രദ്ധയില്‍ പെട്ടു, മുറിയില്‍ ബൈബിള്‍ വെച്ചിട്ടുണ്ടായിരുന്നു എന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ ആരോപണത്തെ അഗതി മന്ദിരം അധികൃതര്‍ നിഷേധിച്ചു. തങ്ങള്‍ മതപരിവര്‍ത്തന ശ്രമങ്ങള്‍ നടത്തിയിട്ടില്ലെന്നും ആരെയും നിര്‍ബന്ധിച്ച് മതപരിവര്‍ത്തനം നടത്താന്‍ താല്‍പര്യപ്പെടുന്നില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ബാലവേലയില്‍ നിന്ന് രക്ഷപ്പെടുത്തിയ 24 പെണ്‍കുട്ടികളാണ് അഗതി മന്ദരിരത്തിലുള്ളത്. അവരെ സംരക്ഷിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും അധികൃതര്‍ പറഞ്ഞു.

Tags: