ആര്‍ ബി ശ്രീകുമാറിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ഗുജറാത്ത് ഹൈക്കോടതി തടഞ്ഞു

Update: 2021-07-20 17:51 GMT

അഹമ്മദാബാദ്: ഐഎസ്ആര്‍ഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ ഉള്‍പ്പെടുത്തി ഐബി മുന്‍ ഡപ്യൂട്ടി ഡയറക്ടര്‍ ആര്‍ ബി ശ്രീകുമാറിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ഗുജറാത്ത് ഹൈക്കോടതി തടഞ്ഞു. സിബിഐ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കാന്‍ ശ്രീകുമാര്‍ ഗുജറാത്ത് ഹൈക്കോടതിയില്‍ ട്രാന്‍സിറ്റ് ബെയില്‍ അപേക്ഷ നല്‍കിയിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി വിശദമായ വാദത്തിനായി ഈ മാസം 28ലേക്ക് മാറ്റി. അതു വരെ അറസ്റ്റ് പാടില്ലെന്നും കോടതി നിര്‍ദ്ദേശിച്ചു.

ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്രമോദിയുടെയും സംഘപരിവാരത്തിന്റെയും പങ്ക് വെളിപ്പെടുത്തിയതിന്റെ പേരിലാണ് മുന്‍ ഐബി ഉദ്യോഗസ്ഥന്‍ ആര്‍ ബി ശ്രീകുമാറിനെ ചാരക്കേസില്‍ ഉള്‍പ്പെടുത്തി അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുന്നത്. ഗുജറാത്ത് വംശഹത്യയ്ക്കു പിന്നില്‍ സംഘപരിവാറാണെന്ന കണ്ടെത്തല്‍ നടത്തിയതാണ് പകവീട്ടലിനു കാരണമെന്നും മുന്‍ ഗുജറാത്ത് ഡിജിപി കൂടിയായ ആര്‍ ബി ശ്രീകുമാര്‍ പറഞ്ഞിരുന്നു.

Tags: