'എല്‍ഡിഎഫ് ജാഥയെ സ്വീകരിക്കാന്‍ അതിഥി തൊഴിലാളികളാണുള്ളത്'; പി കെ കുഞ്ഞാലിക്കുട്ടി

Update: 2026-02-06 14:21 GMT

തിരുവനന്തപുരം: എല്‍ഡിഎഫ് ജാഥയെ പരിഹസിച്ച് മുസ് ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. എല്‍ഡിഎഫ് ജാഥയെ സ്വീകരിക്കാന്‍ അതിഥി തൊഴിലാളികള്‍ മാത്രമാണുള്ളതെന്നും ആളില്ലാത്ത ബുദ്ധിമുട്ട് അവര്‍ അനുഭവിക്കുന്നുവെന്നും പി കെ കുഞ്ഞാലിക്കുട്ടി. ഒരു ജാഥ കണ്ടു. ആളില്ലാത്ത ജാഥ, ബംഗാളില്‍ നിന്ന് വന്നവരാണ് ജാഥയില്‍ കൂടുതല്‍ കാണാന്‍ സാധിച്ചതെന്നും കുഞ്ഞാലിക്കുട്ടി പരിഹസിച്ചു.

ഇപ്പോള്‍ പോറ്റിയേ ഇറക്കിയെ എന്ന് പാടേണ്ട സ്ഥിതി. അയ്യപ്പന്റെ സ്വര്‍ണം കട്ടത് പൊറുക്കാന്‍ കഴിയില്ല. ജനങ്ങള്‍ മൊത്തം ബുദ്ധിമുട്ടിലാണ്. യുഡിഎഫ് ഗവണ്‍മെന്റ് ഭരിച്ചിരുന്നപ്പോള്‍ ഞങ്ങളുടെ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ 10 കൊല്ലം ഒരു നേട്ടവും പറയാന്‍ സര്‍ക്കാരിനില്ല. ശബരിമല സ്വര്‍ണക്കൊള്ള എല്‍ഡിഎഫ് ഒതുക്കിതീര്‍ക്കുകയാണെന്നും അയ്യപ്പന്റെ സ്വര്‍ണം കട്ടവരെ വെറുതെ വിടില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

പുതു തലമുറ നാട് വിടുകയാണ്. ഞങ്ങളുടെ കൈയില്‍ പ്രതിവിധിയുണ്ട് യുഡിഎഫ് വരുമ്പോള്‍ കാണിച്ചുതരാം. എല്ലാ കാര്യങ്ങളിലും ഞങ്ങളുടെ കൈയില്‍ പ്രതിവിധിയുണ്ട്. സെമിഫൈനല്‍ ജയിച്ച യുഡിഎഫ് കപ്പും കൊണ്ടേ പോകൂ. പുതിയ യുഗം പിറക്കും. യുഡിഎഫ് വരും, ഇനി നിങ്ങളുടെ ടൈം അല്ല ഞങ്ങളുടെ ടൈം ആണെന്നും പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

വി ഡി സതീശന്റെ ജാഥ തിരുവനന്തപുരത്ത് എത്തുമ്പോള്‍ പുതുയുഗം പിറക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി. സെമി ജയിച്ച ടീമിനെ കാണാന്‍ ജനങ്ങളുണ്ട്. ജനങ്ങളുടെ പ്രിയപ്പെട്ട താരങ്ങളെ കാണാന്‍ ഒരുപാട് ആളുകള്‍ ഇവിടെ തടിച്ചുകൂടി. നിരാശപ്പെടേണ്ടി വരില്ല കപ്പും കൊണ്ടേ യുഡിഎഫ് പോകൂ. അതിനു ഞങ്ങള്‍ കൂടെയുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags: