അരൂര്‍: എഴുപുന്നയില്‍ ഞായറാഴ്ച രാത്രി വീടുകളില്‍ അതിക്രമം നടത്തിയ അതിഥി തൊഴിലാളിയെ പ്രദേശവാസികള്‍ പിടികൂടി അരൂര്‍ പോലിസിന് കൈമാറി. മാനസിക വിഭ്രാന്തിയിലായിരുന്നു ഇയാള്‍ അതിക്രമം നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഞായറാഴ്ച രാത്രി 11.30ഓടെയായിരുന്നു സംഭവം.
എഴുപുന്ന മൂന്നാം വാര്‍ഡിലെ രാജ് ഭവനില്‍ അനില്‍കുമാറിന്റെ വീട്ടിന്റെ വാതില്‍ പൊളിക്കാന്‍ ഇയാള്‍ ശ്രമിച്ചു. അനില്‍കുമാര്‍ സ്ഥലത്തില്ലായിരുന്നതിനാല്‍ ഭാര്യ അയല്‍വാസികളെ വിളിച്ച് വിവരം അറിയിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ ഉടന്‍ സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു. ഇതിനു മുന്‍പ് സമീപത്തെ 13ാം വാര്‍ഡില്‍ ചക്കാലയ്ക്ക് സമീപം ബാലാമണിയമ്മയുടെ വീട്ടിലും ഇയാള്‍ അതിക്രമം നടത്തിയതായി കണ്ടെത്തി. രണ്ടു സ്ത്രീകള്‍ മാത്രമാണ് ഈ വീട്ടില്‍ താമസിച്ചിരുന്നത്. വീട്ടിലെ ജനല്‍പാളി പൊളിച്ച് താഴേക്ക് വച്ച നിലയിലായിരുന്നു. എന്നാല്‍ രണ്ടു വീടുകളിലും നിന്ന് ഒന്നും നഷ്ടമായിട്ടില്ല.