'ഗസ്റ്റ് വാക്‌സ്': ഇതര സംസ്ഥാന തൊഴിലാളികളുടെ വാക്‌സിനേഷന്‍ 46.72 ശതമാനം പൂര്‍ത്തിയായി.
എറണാകുളം: ജില്ലയില്‍ 'ഗസ്റ്റ് വാക്‌സ് ' എന്ന പേരില്‍ നടന്നുവരുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ വാക്‌സിനേഷന്‍ 46.72 ശതമാനം പൂര്‍ത്തിയായി.
ഞായറാഴ്ച വരെ 111 ക്യാമ്പുകളിലായി 36,500 ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത് .
രണ്ടാം ഘട്ട ലോക് ഡൗണ്‍ ആരംഭിക്കുന്ന ഘട്ടത്തില്‍ തൊഴില്‍ വകുപ്പ് നടത്തിയ വിവരശേഖരണത്തിലൂടെ ജില്ലയില്‍ കണ്ടെത്തിയ 77,991 ഇതര സംസ്ഥാന തൊഴിലാളികളുടെ 46.72% ആണിത്. തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുള്ള ഔട്ട് റീച്ച് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ജില്ലാ ഭരണകൂടം, ആരോഗ്യവകുപ്പ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ജില്ലാ വാക്‌സിനേഷന്‍ ടീം, എന്‍എച്ച്എം, തൊഴില്‍ വകുപ്പ് എന്നിവയുടെ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനമാണ് ഗസ്റ്റ് വാക്‌സിന്റെ വിജയത്തിനു പിന്നില്‍. സിഎംഎഡി ഉള്‍പ്പടെയുള്ള സര്‍ക്കാരിതര സംഘടനകളും വാക്‌സിനേഷനുമായി ബന്ധപ്പെട്ട് സഹകരിക്കുന്നുണ്ട്.
സ്‌കാറ്റേര്‍ഡ് വിഭാഗം തൊഴിലാളികള്‍ക്കാണ് ക്യാമ്പുകളില്‍ വാക്‌സിനേഷന് മുന്‍ഗണന നല്‍കുന്നത്. കോവിന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്‌തെത്തുന്ന തൊഴിലാളികള്‍ക്ക് പുറമേ സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തിയും വാക്‌സിനേഷന്‍ നല്‍കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികളുടെ വാക്‌സിനേഷനുമായി ബന്ധപ്പെട്ട് ജില്ലയില്‍ നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ അന്തര്‍ദ്ദേശീയ വാര്‍ത്താ ഏജന്‍സികളുടെ ഉള്‍പ്പടെ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്.
ജില്ലയില്‍ ഞായറാഴ്ച മാത്രം 1100 ഇതര സംസ്ഥാന തൊഴിലാളികള്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്. പെരുമ്പാവൂര്‍, മുവാറ്റുപുഴ എന്നിവിടങ്ങളില്‍ സംഘടിപ്പിച്ച വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ വഴിയാണ് വാക്‌സിന്‍ വിതരണം നടത്തിയത്.
